ന്യൂഡൽഹി > തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് മോദിസർക്കാരിന്റെ കർഷകവിരുദ്ധതയ്ക്കെതിരായ ചരിത്ര ജനമുന്നേറ്റം. മൂന്ന് കാർഷികനിയമത്തിനും വൈദ്യുതിബില്ലിനും എതിരായി ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം പത്തു മാസം പിന്നിടുമ്പോഴാണ് ബന്ദ്. ചർച്ചയ്ക്കുപോലും കേന്ദ്രം തയ്യാറാകാത്തതിനാലാണ് അഞ്ഞൂറിൽപ്പരം കർഷകസംഘടനകളുടെ കുട്ടായ്മയായ സംയുക്ത കിസാൻമോർച്ച(എസ്കെഎം) ബന്ദിന് ആഹ്വാനംചെയ്തത്.
ഇടതുപാർടികൾ, ഇതര പ്രതിപക്ഷ പാർടികൾ, ട്രേഡ് യൂണിയൻ, തൊഴിലാളി സംഘടന, ബാർ അസോസിയേഷൻ, ബാങ്ക് ജീവനക്കാരുടെ സംഘടന തുടങ്ങിയവ രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ബന്ദ് സമാധാനപരമായിരിക്കുമെന്നും എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു. ഗതാഗതമേഖല നിശ്ചലമാകും. കടകമ്പോളം അടഞ്ഞുകിടക്കും. തൊഴിൽ, സാമ്പത്തിക, വ്യവസായ മേഖലകളിൽ മോദിസർക്കാർ നടപ്പാക്കുന്ന കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരായ മുന്നേറ്റം കൂടിയാകും ഈ പ്രതിഷേധം. പല സംസ്ഥാനങ്ങളിലും ബിജെപി ജനപ്രതിനിധികൾ കർഷകരിൽനിന്ന് പരസ്യമായ രോഷപ്രകടനം നേരിടുന്നുണ്ട്.
കോവിഡ് പ്രതിരോധത്തെ ബാധിക്കില്ല
തിരുവനന്തപുരം > രാജ്യത്തെ ജീവിക്കാൻ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം തിങ്കളാഴ്ച നിശ്ചലമാകും. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് എൽഡിഎഫ് കേരളത്തിൽ ഹർത്താൽ നടത്തുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. യുഡിഎഫും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം എന്നിവ ഉൾപ്പെടെ അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി വൈകിട്ട് ആറുവരെ സർവീസ് നടത്തില്ല.
തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിൽ അഞ്ചുലക്ഷംപേരെ അണിനിരത്തി എൽഡിഎഫ് കർഷക ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചുപേർ വീതം പങ്കെടുക്കും.
സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ രാവിലെ പത്തിന് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. എഐകെഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. ട്രേഡ് യൂണിയൻ സംയുക്തസമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധ ശൃംഖല തീർക്കും. ഹർത്താൽ വിജയിപ്പിക്കാൻ വിവിധ സംഘടനകൾ കോവിഡ് മാനദണ്ഡം പാലിച്ച് പ്രചാരണം നടത്തി.