ന്യൂഡൽഹി > തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ വികസിപ്പിച്ചു. ജൂണിൽ കോൺഗ്രസിൽനിന്ന് ചേക്കേറിയ ജിതിൻപ്രസാദ ഉൾപ്പെടെ ഏഴ് പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ പുതിയ മന്ത്രിമാർക്ക് മൂന്ന് മാസമേ കാലയളവ് ഉണ്ടാകൂ. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായനേതാക്കളെ തൃപ്തിപ്പെടുത്താനാണ് നീക്കം.
ജിതിൻ പ്രസാദയ്ക്ക് മന്ത്രിസ്ഥാനം നൽകിയതിലൂടെ ബ്രാഹ്മണവിഭാഗത്തെ കൈയിലെടുക്കുകയാണ് ലക്ഷ്യം. ആദിത്യനാഥ് സ്വന്തം സമുദായക്കാരായ താക്കൂറുകാരോട് മാത്രം അനുഭാവം പ്രകടിപ്പിക്കുന്നെ പരാതിയുണ്ട്. ചത്രപാൽ ഗാങ്വാർ, ധരംവീർപ്രജാപതി, സംഗീത ബൽവന്ത് ബിണ്ട് എന്നിവർ പിന്നോക്കവിഭാഗക്കാരാണ്. ദിനേശ്ഖട്ടീക്കും പൾട്ടുറാമും പട്ടികജാതിക്കാരും സഞ്ജീവ്കുമാർ പട്ടികവർഗക്കാരനുമാണ്.
മന്ത്രിസഭാവികസനം ശുദ്ധതട്ടിപ്പാണെന്ന് സമാജ്വാദി പാർടി നേതാവ് അഖിലേഷ്യാദവ് പ്രതികരിച്ചു. ‘നാലരക്കൊല്ലമായി ഒരുതരത്തിലുള്ള പ്രാതിനിധ്യവും ലഭിക്കാത്തവരുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണിത്. പുതിയ മന്ത്രിമാരുടെ പേര് അടിച്ച ബോർഡിൽ മഷി ഉണങ്ങുന്നതിനു മുമ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും’–- അഖിലേഷ് പറഞ്ഞു.
അതേസമയം, മന്ത്രിസഭയിൽ അംഗമാകുമെന്ന് പ്രതീക്ഷിച്ച ചില നേതാക്കളെ അവസാനനിമിഷം ഒഴിവാക്കി. ബിജെപി സഖ്യകക്ഷിയായ നിഷാദ് പാർടിയിലെ സഞ്ജയ്നിഷാദ്, ഉത്തരാഖണ്ഡ് മുൻ ഗവർണറായ ബേബി റാണി മൗര്യ എന്നിവരെയാണ് ഒഴിവാക്കിത്. മാസങ്ങൾക്ക് മുമ്പ് തന്റെ മകനും സന്ത്കബീർ നഗർ എംപിയുമായ പ്രവീൺ നിഷാദിനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താത്തിൽ സഞ്ജയ്നിഷാദ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.