കൊണ്ടോട്ടി > രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കവർച്ച കേസിൽ ഒരാൾകൂടി പിടിയിൽ. താമരശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കിൽപൊയിൽ ഇജാസിനെ (31)യാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റുചെയ്തത്. ഞായര്‍ പുലർച്ചെ നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ താമരശേരിയിൽനിന്നാണ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 47 ആയി. 18 വാഹനങ്ങളും പിടിച്ചെടുത്തു.
താമരശേരിയിൽനിന്ന് എത്തിയ സ്വർണക്കടത്ത് സംഘത്തോടൊപ്പമാണ് ഇജാസ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആർജുൻ ആയങ്കി വന്ന വാഹനത്തെ പിന്തുടർന്നതായും പാലക്കാട്ടെ സംഘം വന്ന വാഹനം അപകടത്തിൽപ്പെട്ടതറിഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇജാസിനെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ താമരശേരി സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കി.
ഇജാസിനും സംഘത്തിനും രക്ഷപ്പെടാൻ വാഹനം നൽകിയ സംഘത്തെയും ഒളിവിൽ കഴിയാൻ സഹായിച്ചവരെയുംകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായെത്തിയത് ഇജാസ് ഉൾപ്പെട്ട സംഘമാണ്. എൺപതോളം പേർ സംഭവദിവസം വിവിധ വാഹനങ്ങളിലായി വിമാനത്താവളത്തിൽ എത്തിയതായാണ് അന്വേഷക ഉദ്യോഗസ്ഥർ പറയുന്നത്. ഇവരെ തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചിരുന്നു.
കൊടുവള്ളി സംഘത്തിലെ പ്രതികൾക്ക് ബംഗളൂരുവിൽ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ചിന്നൻ ബഷീർ എന്നയാളെ കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നും അറസ്റ്റുചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.