തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ച് അദാനി ഗ്രൂപ്പ്. വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്ന സാഹചര്യത്തിലാണിത്. ഒക്ടോബർ മധ്യത്തിൽ വിമാനത്താവളം പൂർണമായും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. സുരക്ഷയുൾപ്പെടെയുള്ള മേഖലകളിൽ അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ ചുമതലയേറ്റു.
ജനുവരിയിലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഇവർ കരാർ വച്ചത്. ആറ് മാസത്തിനകം ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും കോവിഡ് കാലത്തെ നഷ്ടം അദാനിക്ക് ഒഴിവാക്കാൻ കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകി. നിലവിലുള്ള ജീവനക്കാരുടെ 60 ശതമാനം പേരെ നിലനിർത്തി ബാക്കിയുള്ളവരെ അതോറിറ്റി മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റും. അദാനി ഗ്രൂപ്പിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് അദാനി വയ്ക്കുന്ന വ്യവസ്ഥയനുസരിച്ച് ജോലി ചെയ്യാം. തൽക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരിക്കും അതോറിറ്റി ജീവനക്കാർ ജോലി ചെയ്യുക. 50 വർഷത്തേക്കാണ് വിമാനത്താവള നടത്തിപ്പ് കേന്ദ്രം അദാനി ഗ്രൂപ്പിന് നൽകിയത്. ഇതുസംബന്ധിച്ച കേസിൽ സംസ്ഥാനത്തിന്റെ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.