മൂന്നാർ > ടൂറിസത്തിന് ഉണർവേകി മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവ് തുടങ്ങി. അടച്ചുപൂട്ടലിന് പൂർണമായി ഇളവ് വരുത്തിയതോടെ മൂന്നാറിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. സംസ്ഥാനത്തിനകത്തുള്ളവരാണ് കൂടുതലായും എത്തുന്നത്.
ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവർ ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ്, വട്ടവടയ്ക്ക് സമീപമുള്ള കീഴാന്തൂർ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയാണ്. തിരക്ക് കൂടിയതോടെ വട്ടവടയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും കാരണമായി. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരുമെത്തുന്നത്. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന ടൂറിസം മേഖല സഞ്ചാരികളുടെ വരവോടെ ഉഷാറായി. റിസോർട്ടുകളിലും കോട്ടേജ്, ഹോംസ്റ്റേ എന്നിവിടങ്ങളിലും പതിയെ ജീവൻ വച്ചുതുടങ്ങി.
അടഞ്ഞുകിടന്ന ഹോട്ടലുകളെല്ലാം തുറന്നു. ടൂറിസത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, രാജമല തുടങ്ങിയ വിനോദകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് കച്ചവടക്കാർക്കും സഞ്ചാരികളുടെ വരവ് ആശ്വാസമായി.