ന്യൂഡൽഹി
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിന് ചില മിനിമം മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് ബ്രിട്ടൻ. ഇന്ത്യയിൽനിന്ന് രണ്ടു ഡോസ് എടുത്തവർക്കും 10 ദിവസത്തെ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയത് വാദമായതോടെയാണ് ബ്രിട്ടന്റെ വിശദീകരണം. കോവിൻ പോർട്ടലിന്റെ സാങ്കേതികത സംബന്ധിച്ച് ഇരുരാജ്യവും വെള്ളിയാഴ്ച ചർച്ച നടത്തിയെങ്കിലും സമ്പർക്കവിലക്ക് തുടരുന്നു.
വ്യാഴാഴ്ച ചർച്ച നടത്തിയെന്നും ഇരുകൂട്ടരും സാങ്കേതിക പ്രശ്നങ്ങളൊന്നും പരസ്പരം ഉന്നയിച്ചില്ലെന്നും ബ്രിട്ടീഷ് ഹൈക്കമീഷണർ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു. വാക്സിൻ വിതരണത്തിനുള്ള പ്രത്യേക കേന്ദ്രസമിതിയുടെ തലവൻ ആർ എസ് ശർമയുമായാണ് ബ്രിട്ടൻ ചർച്ച നടത്തിയത്.
ബ്രിട്ടനിലേക്ക് സമ്പർക്ക വിലക്കില്ലാതെ യാത്രചെയ്യാവുന്ന 18 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കേഷൻ പ്രക്രിയയിലാണ് ബ്രിട്ടന് സംശയം.
വാക്സിൻ സർട്ടിഫിക്കറ്റിലെ മോദി ചിത്രവും പ്രശ്നം
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റ് ബ്രിട്ടൻ അംഗീകരിക്കാത്തതിന് മോദി ചിത്രം കാരണമാണോയെന്ന സംശയം പരിഹാസരൂപേണ ഉയരുന്നു. ഇന്ത്യയിൽനിന്ന് വാക്സിൻ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോയ പലർക്കും മോദിയുടെ ചിത്രം പ്രശ്നം സൃഷ്ടിച്ചിരുന്നു. വിദേശ വിമാനത്താവളങ്ങളുടെ എമിഗ്രേഷൻ കൗണ്ടറിൽ പലരെയും തടഞ്ഞു.
സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം കാണുമ്പോൾ ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന ആക്ഷേപമാണ് വിദേശ ഉദ്യോഗസ്ഥർ ഉയർത്തുന്നത്. പാസ്പോർട്ടിലും സർട്ടിഫിക്കറ്റിലും ചിത്രം വ്യത്യസ്തമാണെന്നതാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന പ്രശ്നം. സർട്ടിഫിക്കറ്റിലേത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ചിത്രമാണെന്ന് വിദേശ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടിവരും. ഇത്തരത്തിൽ വിദേശത്ത് നേരിടേണ്ടിവന്ന തിക്താനുഭവം പല ഇന്ത്യക്കാരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.