ദുബായ്
ഐപിഎല്ലിൽ വീണ്ടും കോവിഡ് ആശങ്ക. സൺറൈസേഴ്സ് ഹെെദരാബാദ് താരം ടി നടരാജന് കോവിഡ് സ്ഥിരീകരിച്ചു. ടീമിലെ മറ്റൊരു താരം വിജയ് ശങ്കർ ഉൾപ്പെടെ ആറുപേർ നിരീക്ഷണത്തിലാണ്. ഇതിനിടയിലും മത്സരവുമായി മുന്നോട്ടുപോകാനായിരുന്നു ഐപിഎൽ സംഘാടകരുടെ തീരുമാനം.
കോവിഡ് കാരണം ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റിയതാണ്. ഇന്ത്യയിൽ ടൂർണമെന്റ് ഇടയ്ക്കുവച്ച് നിർത്തുകയായിരുന്നു. പതിവുപരിശോധനയിലാണ് നടരാജന് കോവിഡ് സ്ഥിരീകരിച്ചത്. ദുബായിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇന്ത്യൻ പേസർ. നടരാജനുമായി സമ്പർക്കത്തിലുള്ള മറ്റ് ആറുപേരും ദുബായിൽത്തന്നെയാണ്. വിജയ് ശങ്കറിനൊപ്പം നെറ്റ് ബൗളർ ജി പെരിയസ്വാമി, ടീം മാനേജർ, ഫിസിയോ, ടീം ഡോക്ടർ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.
ഈ സീസണിൽ ഇനിയും മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ഒക്ടോബർ 23ന് ട്വന്റി–20 ലോകകപ്പും തുടങ്ങുകയാണ്. യുഎഇതന്നെയാണ് വേദി. 17 മുതൽ ആദ്യഘട്ട മത്സരങ്ങൾ ഒമാനിലും നടക്കും. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് കളിക്കാർ. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഹെെദരാബാദ് കളിക്കാരനാണ് നടരാജൻ. ആദ്യഘട്ടത്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്കും കോവിഡ് ബാധിച്ചിരുന്നു.
നടരാജൻ പരിക്കുമാറി ഈയിടെയാണ് തിരിച്ചെത്തിയത്. വിശ്രമത്തിനുശേഷമുള്ള ആദ്യ മത്സരത്തിനായിരുന്നു തമിഴ്നാട്ടുകാരൻ ഒരുങ്ങിയത്.
ഐപിഎൽ നിയമപ്രകാരം കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം നിരീക്ഷണത്തിൽ കഴിയണം. രണ്ടുതവണ പരിശോധന നടത്തി തെളിഞ്ഞാൽ മാത്രമേ ടീമിനൊപ്പം ചേരാൻ കഴിയുകയുള്ളൂ.
പന്ത്രണ്ട് ദിവസങ്ങൾക്കുമുമ്പാണ് ഇന്ത്യൻ ടീം കോവിഡ് ആശങ്കയെ തുടർന്ന് ഇംഗ്ലണ്ടുമായുള്ള അഞ്ചാംടെസ്റ്റ് ഒഴിവാക്കിയത്. ടീം ഫിസിയോയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. ടെസ്റ്റ് കളിക്കാൻ വിസമ്മതിച്ച പല താരങ്ങളും ഐപിഎല്ലിന്റെ ഭാഗമാണ്.















