മൊറാദാബാദ്
ഉത്തർപ്രദേശിൽ സഹോദരികളായ രണ്ട് ദളിത് പെൺകുട്ടികളെ ജീവനോടെ തീകൊളുത്തിക്കൊന്ന കേസിൽ ഏഴു പേർക്ക് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷം രൂപവീതം പിഴ ഈടാക്കാനും പട്ടികജാതി–- വർഗ വിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവിട്ടു. 2010ൽ മൊറാദാബാദിലെ കൊതിവാൽ നഗറിലെ ഇവരുടെ വീടിന് ആൾക്കൂട്ടം തീവയ്ക്കുകയായിരുന്നു.
അമ്മ രാജോ രക്ഷപ്പെട്ടെങ്കിലും മക്കളായ ഗീത (22), മോനു (20) എന്നിവർ വെന്തുമരിച്ചു. ഇവരുടെ സഹോദരൻ രാകേഷ് ഇരട്ടക്കൊലക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് വീടിനുനേരെ ആക്രമണം ഉണ്ടായത്. സതീഷ് മദൻ, സാഗർ ഭണ്ഡുല, ബന്തി മാലിക്, ആശ സച്ച്ദേവ, അമർജീത് കൗർ, വിനോദ് കാജ്കാഡ്, സാനിയ കോലി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.