ന്യൂഡൽഹി
പഞ്ചാബിൽ അമരീന്ദർ സിങ് തെറിച്ചതിനു പിന്നാലെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കരുനീക്കം സജീവമാക്കി സച്ചിൻ പൈലറ്റ് വിഭാഗം. പൈലറ്റ് അനുകൂലികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ രാഹുൽ ഗാന്ധിയും സച്ചിൻ പൈലറ്റും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സോണിയ ഗാന്ധി ഗെലോട്ടിനെ ഫോണിൽ വിളിച്ചു.
സച്ചിനും കൂട്ടരും 2020 ജൂലൈയിൽ നടത്തിയ അട്ടിമറിനീക്കം ഗെലോട്ട് വിഭാഗം ചെറുത്തുതോൽപ്പിച്ചു. പൈലറ്റിനെ ഉപമുഖ്യമന്ത്രി–- പിസിസി അധ്യക്ഷസ്ഥാനങ്ങളിൽനിന്ന് തെറിപ്പിക്കാനും കഴിഞ്ഞു. പുതിയ പാർടി രൂപീകരിക്കാൻ ഒരുങ്ങിയ പൈലറ്റിനെ പ്രിയങ്ക ഗാന്ധിയാണ് പിടിച്ചുനിർത്തിയത്. സർക്കാരിലും സംഘടനയിലും പ്രാതിനിധ്യം ഉറപ്പുനൽകിയാണ് പൈലറ്റിനെ തിരിച്ചെത്തിച്ചത്.
ഒരു വർഷം കഴിഞ്ഞിട്ടും മന്ത്രിസഭാ പ്രാതിനിധ്യം കിട്ടാത്തതിലും സംഘടനാ അഴിച്ചുപണിക്ക് തയ്യാറാകാത്തതിലും പൈലറ്റ് ക്ഷുഭിതനാണ്.
അതൃപ്തി നേരിട്ട് അറിയിക്കാനാണ് രാഹുലിനെ കണ്ടത്. അസുഖബാധിതനായ ഗെലോട്ട് ഔദ്യോഗിക ജോലി പുനരാരംഭിച്ചാലുടൻ അഴിച്ചുപണിയെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. പഞ്ചാബിലെ നേതൃമാറ്റം പൈലറ്റ് ക്യാമ്പിന് ആത്മവിശ്വാസം പകർന്നു. ഡിസംബറിൽ ഗെലോട്ട് മന്ത്രിസഭ മൂന്നുവർഷം തികയ്ക്കും. ഇതിനുമുമ്പായി അഴിച്ചുപണി വേണമെന്നാണ് ആവശ്യം.
ഛത്തീസ്ഗഢിലും ഗ്രൂപ്പുപോര് രൂക്ഷമായി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നീക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും ആരോഗ്യമന്ത്രിയുമായ ടി എസ് സിങ് ദേവ് വീണ്ടും ഡൽഹിയിൽ എത്തി.
രാജസ്ഥാനിൽ ഗെലോട്ടിനും ഛത്തീസ്ഗഢിൽ ബാഗേലിനും ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ട്. രണ്ടാഴ്ചമുമ്പുവരെ പഞ്ചാബിലും ഇതായിരുന്നു സ്ഥിതി. എന്നാൽ, കൂടുതൽ എംഎൽഎമാരിലേക്ക് സ്വാധീനം വളർത്തി അമരീന്ദറിനെ പുറത്താക്കാൻ സിദ്ദു വിഭാഗത്തിന് കഴിഞ്ഞു. സമാന അട്ടിമറിയാണ് പൈലറ്റും ദേവും ലക്ഷ്യമിടുന്നത്.