ന്യൂഡൽഹി
പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത്ത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുതിർന്ന കോണ്ഗ്രസ് നേതാക്കൾ വാക്ക്പോര് തുടങ്ങി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിസിസി അധ്യക്ഷൻ നവ്ജ്യോത്സിങ് സിദ്ദു നയിക്കുമെന്ന ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം തള്ളി മുതിർന്ന നേതാവ് സുനിൽ ഝക്കർ രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച മുൻമുഖ്യമന്ത്രി അമരീന്ദർ സിങ് പഞ്ചാബ് സുരക്ഷിത കരങ്ങളിലെത്തുംവരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സിദ്ദു നയിക്കുമെന്ന റാവത്തിന്റെ പ്രസ്താവന അമ്പരപ്പിച്ചെന്നും മുഖ്യമന്ത്രിയുടെ അധികാരത്തെ ഇടിച്ചുതാഴ്ത്തിയെന്നും ഝക്കർ ട്വീറ്റു ചെയ്തു. എന്ത് ഉദ്ദേശ്യത്തോടെയാണോ ചന്നിയെ മുഖ്യമന്ത്രിയാക്കിയത് അതിനെ ഖണ്ഡിക്കുന്നതാണ് പ്രസ്താവനയെന്നും ഝക്കർ പറഞ്ഞു. ദളിത് വോട്ട് ലക്ഷ്യമിട്ടാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത് എന്ന ആക്ഷേപവുമായി ബിഎസ്പിയും ബിജെപിയും രംഗത്തെത്തി. സംഭവം വിവാദമായതോടെ കോൺഗ്രസിനെ മുഖ്യമന്ത്രിയെന്ന നിലയിൽ ചന്നിയും പിസിസി അധ്യക്ഷനെന്ന നിലയിൽ സിദ്ദുവും നയിക്കുമെന്ന് വക്താവ് രൺദീപ് സുർജെവാല വിശദീകരിച്ചു.
മുറിവേറ്റ് ഝക്കർ
ഉപമുഖ്യമന്ത്രിമാരാകുന്ന സുഖ്ജീന്ദർ സിങ് രൺധാവ, ഒ പി സോണി എന്നിവരും ചന്നിക്കൊപ്പം ഗവർണർ ബൻവാരിലാൽ പുരോഹിത് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. രൺധാവ സവർണ സിഖ് വിഭാഗക്കാരനും സോണി ഹിന്ദു ഖത്രി വിഭാഗക്കാരനുമാണ്. ഝക്കറിന് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും നിരാകരിച്ചു. ഹിന്ദു ജാട്ട് വിഭാഗക്കാരനായ ഝക്കറെ ഒഴിവാക്കിയാണ് ജൂലൈയിൽ സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഝക്കറെ നിര്ദേശിച്ചെങ്കിലും മുതിർന്ന നേതാവ് അംബികാ സോണി വെട്ടി.
ചന്നിയെ പുറത്താക്കണമെന്ന് വനിതാ കമീഷൻ അധ്യക്ഷ
‘മീടൂ’ വിവാദത്തിൽ ഉൾപ്പെട്ട പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ പുറത്താക്കണമെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
സ്ത്രീ നയിക്കുന്ന പാർടിതന്നെ ആക്ഷേപം നേരിട്ടയാളെ മുഖ്യമന്ത്രിയാക്കിയത് വഞ്ചനയാണെന്ന് അവര് പറഞ്ഞു.അമരീന്ദർ സിങ് സർക്കാരിൽ മന്ത്രിയായിരിക്കെ ചന്നിക്കെതിരായി ഐഎഎസ് ഉദ്യോഗസ്ഥ മീടൂ ആരോപണം ഉയർത്തിയിരുന്നു. മോശം സന്ദേശങ്ങൾ അയച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.