ന്യൂഡൽഹി
രാജ്യത്ത് രണ്ട് ഡോസും ലഭിച്ചത് 15 ശതമാനത്തിനുമാത്രമെങ്കിലും വീണ്ടും കോവിഡ് വാക്സിന് കയറ്റുമതിക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബർമുതൽ വീണ്ടും വാക്സിൻ കയറ്റി അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കോവിഡ് മൂന്നാംതരംഗത്തിന് സാധ്യത നിലനിൽക്കെ അമേരിക്കന്‍ സമ്മര്‍ദപ്രകാരമാണ് മോദിസര്‍ക്കാരിന്റെ നടപടി.
ഇന്ത്യ വീണ്ടും വാക്സിൻ കയറ്റുമതി ആരംഭിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. യുഎസ് നേതൃത്വത്തിലുള്ള ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസം അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായിട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. കയറ്റുമതിയിലൂടെ ലാഭം ലക്ഷ്യമിടുന്ന വാക്സിൻ നിർമാതാക്കളുടെ സമ്മർദവും ഉണ്ട്.
രണ്ടാം വ്യാപനം രൂക്ഷമായതോടെ ഏപ്രിലില്‍ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിവച്ചിരുന്നു. അതിനുമുമ്പായി 70 രാജ്യത്തേക്ക് ഏഴു കോടി ഡോസ് കയറ്റി അയച്ചു. ആ ഘട്ടത്തിൽ ഇന്ത്യയിൽ നല്‍കിയത് ആകെ 10 കോടി ഡോസുമാത്രം. നിലവിൽ ഒരു ഡോസെങ്കിലും ലഭിച്ചത് 29 ശതമാനം പേർക്ക് മാത്രം.
18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും ഈ വര്‍ഷം രണ്ടു ഡോസും നല്‍കുമെന്ന കേന്ദ്ര പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ 200 കോടി ഡോസ് വേണം. നിലവിൽ 81.8 കോടി ഡോസാണ് നല്‍കിയത്. വർഷം അവസാനിക്കാൻ 101 ദിവസം ശേഷിക്കെ 118 കോടി ഡോസ് കൂടി വേണം. പ്രതിദിനം ഒരു കോടിയിലധികം ഡോസ് കുത്തിവയ്ക്കേണ്ടിവരും. ജനുവരി 16ന് വാക്സിനേഷൻ ആരംഭിച്ചശേഷം കുത്തിവയ്പ് ഒരു കോടി കടന്നത് നാലുദിവസംമാത്രം. അടുത്ത മൂന്നുമാസം 100 കോടിക്ക് അടുത്ത് ഡോസ് ലഭ്യമാകുമെന്നും അധിക വാക്സിനാകും കയറ്റുമതി ചെയ്യുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.