തിരുവനന്തപുരം > സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവർ ചൊവ്വാഴ്ച ഒരുകോടി പിന്നിടും. തിങ്കളാഴ്ച രാത്രി എട്ടുവരെ 99,76,159 (37.35 ശതമാനം) പേർ രണ്ട് ഡോസും എടുത്തു. ആദ്യ ഡോസ് സ്വീകരിച്ചവർ 90 ശതമാനമായി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,39,74,453 ഡോസ് വാക്സിൻ നൽകി. വയനാട് ജില്ലയിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകൾ ഈ ലക്ഷ്യത്തോട് അടുക്കുന്നു. വാക്സിൻ വിതരണത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഡെങ്കി 2 വകഭേദം: ആശങ്ക വേണ്ട
ഡെങ്കി 2 വകഭേദം പുതിയതാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡെങ്കി 2 പുതിയ വകഭേദമല്ല. ഡെങ്കിപ്പനിയിൽ 1, 2, 3, 4 എന്നിങ്ങനെ നാല് വിഭാഗമുണ്ട്. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനത്തും ഈ നാല് വകഭേദവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി 2 രോഗികളിൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് 2017ൽ ഡെങ്കിപ്പനി വ്യാപിച്ചപ്പോഴും ഡെങ്കി 2 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.
സ്കൂൾ തുറക്കൽ: സംയുക്ത യോഗത്തിനുശേഷം മാർഗനിർദേശം
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേർന്ന് മുന്നൊരുക്കം വിലയിരുത്തി മാർഗനിർദേശം പുറത്തിറക്കും. സിറോ പ്രവലൻസ് സർവേ റിപ്പോർട്ടിന്റെ ഫലം സെപ്തംബർ അവസാനത്തോടെ എത്തും. അതുംകൂടി വിലയിരുത്തിയാകും തീരുമാനമെന്നും മന്ത്രി പറഞ്ഞു.