ന്യൂഡൽഹി
മൂന്ന് കാർഷികനിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ സംസ്ഥാനങ്ങളിൽ വിപുലമായ തയ്യാറെടുപ്പ്. ‘‘മോദി മണ്ഡി ബന്ദ് കൊണ്ടുവന്നു, കർഷകർ ഭാരത് ബന്ദ് ഏറ്റെടുത്തു’’ എന്ന മുദ്രാവാക്യത്തിൽ കേന്ദ്രീകരിച്ചാണ് പ്രചാരണം. ബന്ദിനോട് സഹകരിക്കാൻ എല്ലാ വിഭാഗങ്ങളോടും സംയുക്ത കിസാൻമോർച്ച അഭ്യർഥിച്ചു. അവശ്യസേവന വിഭാഗങ്ങളെ ഒഴിവാക്കും.
രാജസ്ഥാനിലെ സീക്കറിൽ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ മഹാസമ്മേളനം ചേർന്നു. മഹാരാഷ്ട്രയിൽ നന്ദൂർബഡിൽനിന്ന് നാസിക്കിലേക്ക് ജാഥ നടത്തി. സാമൂഹ്യ പരിഷ്കർത്താവും ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവുമായ ഇ വി രാമസ്വാമിയുടെ ജന്മവാര്ഷികം രാജ്യമെമ്പാടും കർഷകർ ആചരിച്ചു.
മുംബൈയിൽ 20ന് സംസ്ഥാനതല കൺവൻഷനും ഉത്തർപ്രദേശിലെ സീതാപുരിൽ തൊഴിലാളി, കർഷക മഹാപഞ്ചായത്തും നടക്കും. 22ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലും മഹാപഞ്ചായത്ത് ചേരും. ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളായ സിംഘുവിലും ടിക്രിയിലും 22 മുതൽ അഞ്ചു ദിവസം കബഡി ലീഗ് സംഘടിപ്പിക്കും.