മോസ്കോ
ആഴ്ചകൾ നീണ്ട പ്രചാരണത്തിനൊടുവിൽ റഷ്യ പോളിങ് ബൂത്തിൽ. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച തുടങ്ങി. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് റിപ്പോര്ട്ട്.
നിലവിൽ 450 അംഗങ്ങളുള്ള പാർലമെന്റിന്റെ കീഴ്സഭയായ ഡ്യൂമയിൽ ഭരണകക്ഷിക്ക് 336 അംഗങ്ങളാണുള്ളത്. ജയിലിലായ പുടിൻ വിരുദ്ധൻ അലക്സെയ് നവാൽനിയുടെ സ്മാർട്ട് വോട്ടിങ് ആപ് ഉപയോഗിച്ചുള്ള പ്രചാരണം എത്രത്തോളം ഫലപ്രദമായെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകും.
രാജ്യത്തിന്റെ കിഴക്കേയറ്റമായ കംചത്കയിലും ചുകോത്കയിലുമാണ് ആദ്യം പോളിങ് തുടങ്ങിയത്. ഈ പ്രദേശങ്ങൾ തലസ്ഥാനമായ മോസ്കോയേക്കാൾ ഒമ്പത് മണിക്കൂർ മുന്നിലാണ്. ഞായറാഴ്ചവരെയാണ് പോളിങ്. 14 പാർടികൾ മത്സരരംഗത്തുണ്ട്. ഒമ്പത് മേഖലയിലെ ഗവർണർ സ്ഥാനത്തേക്കും 39 മേഖലയിലെ നിയമസഭയിലേക്കും 11 നഗര കൗൺസിലിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നു.