പാലാ
കേരളത്തിൽ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. വിഭാഗീയത വളർത്തുന്നതരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ പരാമർശത്തിന്റെ പേരിൽ ചില നിക്ഷിപ്ത താൽപര്യക്കാർ ബോധപൂർവം പ്രശ്നം സൃഷ്ടിക്കുന്നു. വർഗീയ, തീവ്രവാദ ശക്തികളാണ് ഇതിനുപിന്നിൽ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെയും തീവ്രവാദ നിലപാടുകളെയും ചെറുക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്.
കോൺഗ്രസുകാർക്ക് എന്തും പറയാവുന്ന കാലഘട്ടമാണ്. എല്ലാം നഷ്ടപ്പെട്ടവർക്ക് എന്തുംപറയാം. വ്യക്തിപരമായ ബന്ധംകൊണ്ടാണ് ബിഷപ്പിനെ സന്ദർശിച്ചത്. അദ്ദേഹവുമായി പല കാര്യങ്ങളും ചർച്ചചെയ്യാറുണ്ട്. മന്ത്രിയായ ശേഷം പലവട്ടം കാണണമെന്ന് ആഗ്രഹിച്ചു. ഈ കൂടിക്കാഴ്ച്ചയ്ക്ക് ഔദ്യോഗിക സ്വഭാവമില്ലെന്നും മന്ത്രി പറഞ്ഞു.