ന്യൂഡൽഹി
ജമ്മുകശ്മീർ അധികൃതർ ജീവനക്കാർക്കെതിരെ ഏകപക്ഷീയ നടപടിയെടുക്കുന്നതില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി പ്രതിഷേധിച്ചു. ജീവനക്കാരിൽ ആർക്കെങ്കിലും ഭീകരവാദ, തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായാൽ പിരിച്ചുവിടാനാണ് തീരുമാനം.
വിജിലൻസിന്റെ അനുമതി ലഭിക്കാതെ പാസ്പോർട്ട് നൽകില്ല. സർക്കാരിന്റെ ഭാഗമായ ജീവനക്കാരെ സംശയത്തിന്റെ നിഴലിൽ തുടർച്ചയായി നിർത്തുന്നത് ഭരണസംവിധാനത്തെ ബാധിക്കും. ജീവനക്കാരിൽ ഭയം സൃഷ്ടിക്കും. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കൈകാര്യം ചെയ്യാൻ സംവിധാനമുണ്ട്. കോടതി കുറ്റക്കാരനെന്ന് വിധിക്കുംവരെ ഒരാൾ നിരപരാധിയായി തുടരുമെന്നതാണ് രാജ്യത്തെ നീതിന്യായതത്വം. ഇതിനു വിരുദ്ധമായ തീരുമാനങ്ങളിൽനിന്ന് പിന്തിരിയണം. ഭീകരവാദ, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും തരിഗാമി പറഞ്ഞു.