ലഖ്നൗ > ഡൽഹിയിലേക്ക് പോയ കമിതാക്കളെ ബന്ധുക്കൾ കൊന്ന് മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ ഉപേക്ഷിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ്. ഉത്തർപ്രദേശിലെ ജഗാംഗീർപുരിലാണ് സംഭവം. ജൂലൈ 31-ന് ഉത്തർപ്രദേശിൽ നിന്നും കമിതാക്കൾ ദില്ലിയിലേക്ക് ഒളിച്ചോടുകയായിരുന്നു. പിന്നാലെ ഇവരെ തേടിയെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരേയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിന്റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്നും പിടികൂടിയ ഇരുവരേയും മധ്യപ്രദേശിൽ എത്തിച്ച് കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളാണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളാണെന്ന് യുപി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
പെൺകുട്ടിയെ കഴുത്തു ഞെരിച്ചും യുവാവിനെ കുത്തി കൊല്ലുകയുമായിരുന്നു. യുവാവിന്റെ സ്വകാര്യഭാഗങ്ങൾ കീറി മുറിച്ച നിലയിലായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലയുടെ ചുരളഴിഞ്ഞത്. സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു.