കൊച്ചി > കലാ സാഹിത്യരംഗത്ത് പ്രവര്ത്തിക്കുന്ന സര്ക്കാര് ജീവനക്കാര്ക്ക് എതിരായ ഉത്തരവല്ല പൊതുവിദ്യാഭ്യാസ ഡയറക്ടര് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് അശോകന് ചരുവില്. ഇതിനെ കലാകാരന്മാരായ സര്ക്കാര് ജീവനക്കാര്ക്കുള്ള പുതിയ ഭീഷണിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. സര്ക്കാര് ഉദ്യോഗസ്ഥന്മാര്ക്ക് കലാ സാഹിത്യ രംഗത്ത് പ്രവര്ത്തിക്കണമെങ്കില് അനുവാദം വാങ്ങിക്കണം എന്ന നിയമം കാലങ്ങളായി നിലവിലുള്ളതാണ്. അതുകൊണ്ട് അപേക്ഷ എങ്ങനെ അയക്കണമെന്ന് സര്ക്കുലറിലൂടെ വിശദമാക്കുകയാണ് ഡിപിഐ ചെയ്തിരിക്കുന്നത്. അതേസമയം, കലാരംഗത്ത് പ്രവര്ത്തിക്കുവാന് മുന്കൂര് അനുമതി വേണം എന്ന വ്യവസ്ഥ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില് നിന്ന് സര്ക്കാര് എടുത്തു മാറ്റണമെന്നും അശോകന് ചരുവില് പ്രസ്താവനയില് പറഞ്ഞു.
ഏതാണ്ട് മരവിച്ച രൂപത്തിലാണെങ്കിലും അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥ കെ.എസ്.എസ്.ആറില് ഇന്നും നിലനില്ക്കുന്നു. അതുകൊണ്ട് അതു സംബന്ധിച്ച അപേക്ഷകള് ഉണ്ടാവുന്നത് സ്വാഭാവികമാണ്. ധാരാളം അപേക്ഷകള് തെറ്റായ രീതിയില് വരുമ്പോള് അതിന്മേല് ബന്ധപ്പെട്ട ഓഫീസ് ഒരു ക്ലാരിഫിക്കേഷന് സര്ക്കുലര് പുറപ്പെടുവിക്കുന്നതും സ്വാഭാവികമാണ്. ഇതിനെ കലാകാരന്മാരായ സര്ക്കാര് ജീവനക്കാര്ക്കുള്ള പുതിയ ഭീഷണിയായി വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല.
അനുവാദം വാങ്ങിക്കണം എന്ന നിയമം നിലവിലുണ്ടെങ്കിലും ബഹുഭൂരിപക്ഷം കലാകാരന്മാരും അനുമതിക്ക് അപേക്ഷിക്കുക പതിവില്ല. അനുമതിയില്ലാതെ എഴുതുന്നവര്ക്കെതിരെ സര്ക്കാര് നടപടിയെടുക്കാറുമില്ല. നീണ്ടകാലം സര്ക്കാര് ഉദ്യോഗസ്ഥനായിരുന്നിട്ടും അനുമതിക്കായി ഒരപേക്ഷയും താനും അയച്ചിട്ടില്ലെന്നും, അതിന്റെ പേരില് ഒരസൗകര്യവും ഉണ്ടായിട്ടുമില്ലെന്നും അശോകന് ചരുവില് പറഞ്ഞു.