ന്യൂഡൽഹി
ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം പ്രമുഖരെയെല്ലാം പുറത്താക്കി ഗുജറാത്ത് മന്ത്രിസഭയിൽ സമ്പൂർണ അഴിച്ചുപണി. വിജയ് രൂപാണി മന്ത്രിസഭയിലെ ആരും പുതിയ മന്ത്രിസഭയില് ഇല്ല. 10 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 24 പുതിയ മന്ത്രിമാർ വ്യാഴാഴ്ച ഗവർണർ ആചാര്യ ദേവ്വ്രത് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. 21 പേർ പുതുമുഖം.
നിതിൻ പട്ടേൽ അടക്കം ഒഴിവാക്കപ്പെട്ടവർ കടുത്ത പ്രതിഷേധത്തില്. മന്ത്രിമാർ പലരും മാറാൻ വിസമ്മതിച്ചതോടെ ബുധനാഴ്ച നിശ്ചയിച്ച സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ചത്തേക്ക് മാറ്റേണ്ടിവന്നു. സ്പീക്കർ രാജേന്ദ്ര ത്രിവേദി, മുൻ സംസ്ഥാന അധ്യക്ഷൻ ജിതു വഗാനി എന്നിവരാണ് പുതിയ മന്ത്രിസഭയിലെ പ്രമുഖർ. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സാധ്യത മങ്ങുന്നുവെന്ന് കണ്ടതോടെയാണ് മുഖ്യമന്ത്രി വിജയ് രൂപാണിയെ അടക്കം തെറിപ്പിച്ച് സമ്പൂർണമായ അഴിച്ചുപണി. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചനയുമുണ്ടായില്ല. നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം അമിത് ഷായാണ് അഴിച്ചുപണിക്ക് നേതൃത്വം നൽകിയത്. സത്യപ്രതിജ്ഞ മാറ്റിവയ്ക്കേണ്ടി വന്നത് നേതൃത്വത്തിന് നാണക്കേടായി.