ന്യൂഡൽഹി
ഉത്തർപ്രദേശിലെ ഹാഥ്രസിൽ പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് ഒരാണ്ട് കഴിഞ്ഞിട്ടും നീതി ലഭിക്കാതെ കുടുംബം. അർധസൈനികരുടെയും സിസിടിവിയുടെയും നടുവിലാണ് പെൺകുട്ടിയുടെ അമ്മയും അച്ഛനും സഹോദരനും ഉൾപ്പെടുന്ന കുടുംബം കഴിയുന്നത്.
ഠാക്കൂർ ജാതിക്കാരായ സന്ദീപ്, രവി, ലവ്കുഷ്, രാമു എന്നീ പ്രതികളോടൊപ്പമാണ് ഗ്രാമീണരെന്നും കാവൽനിൽക്കുന്ന സൈനികർ പോകുന്ന ദിവസം അവർ തങ്ങളെ ആക്രമിക്കുമെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകിയെങ്കിലും കുടുംബത്തിന് വീടും ആശ്രിതർക്ക് ജോലിയും നൽകുമെന്ന വാഗ്ദാനം നടപ്പായില്ല.
കഴിഞ്ഞ വർഷം സെപ്തംബർ 14നാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സെപ്തംബർ 29ന് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. ഉത്തർപ്രദേശ് പൊലീസ് ബന്ധുക്കളെ കാണിക്കാതെ അർധരാത്രി പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് വൻപ്രതിഷേധത്തിന് ഇടയാക്കി.