ന്യൂഡൽഹി
പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദറിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. വസന്ത്കുഞ്ജിലെ വീട്, അഡ്ചിനിയിലെ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഓഫീസ്, അദ്ദേഹത്തിന്റെ എൻജിഒയുടെ മേൽനോട്ടത്തിലുള്ള രണ്ട് ബാലമന്ദിരങ്ങൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്ന് അധികൃതർ പറഞ്ഞു. മോദി സർക്കാരിന്റെ സ്ഥിരംവിമർശകനാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഹർഷ് മന്ദർ. ബെർലിനിലെ റോബർട്ട് ബോഷ് സർവകലാശാലയിൽ ആറുമാസത്തെ ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി ഹർഷ് മന്ദറും ഭാര്യയും ജർമനിയിലേക്ക് തിരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് റെയ്ഡ്. മെഹ്റോളിയിലുള്ള ആൺകുട്ടികളുടെ മന്ദിരമായ ‘ഉമീദ് അമീൻ ഘർ’, പെൺകുട്ടികളുടെ മന്ദിരമായ ‘ഖുഷി റെയിൻബോ ഹോം’ എന്നിവിടങ്ങളിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം.
വിമര്ശിച്ച് പ്രതിപക്ഷം
മതേതരത്വത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കുമായി നിലകൊള്ളുന്ന ഹർഷ് മന്ദറിനെ വേട്ടയാടാനുള്ള നീക്കം അപലപനീയമാണെന്ന് സിപിഐ എം ഡൽഹി സംസ്ഥാന സമിതി. വർഗീയനയങ്ങളുടെ ശക്തനായ വിമർശകനാണ് ഹർഷ് മന്ദർ. വിയോജിപ്പുകളെ അധികാരദുർവിനിയോഗത്തിലൂടെ അടിച്ചമർത്തുന്നത് അംഗീകരിക്കില്ലെന്നും സിപിഐ എം ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് കേഡർ ഐഎഎസുകാരനായിരുന്ന ഹർഷ് മന്ദർ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് പ്രതികരിച്ചു.
അപലപിച്ച് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ
മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനുംവേണ്ടി എക്കാലവും നിലകൊണ്ട ഹർഷ്മന്ദറിനെ വേട്ടയാടാനുള്ള നീക്കം അപലപനീയമാണെന്ന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ. അരുണാറോയ്, ഡോ. സെയ്ദാഹമീദ്, പ്രൊഫ. ജീൻ ഡ്രെസ്, പ്രൊഫ. അപൂർവാനന്ദ്, അഡ്വ. ഇന്ദിര ജയ്സിങ്, ടീസ്ത സെത്തൽവാദ്, ശബ്നം ഹഷ്മി, ഫറാനഖ്വി, ആനിരാജ, ഗൗഹർ റാസ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.