ന്യൂഡൽഹി
രാജ്യതാൽപ്പര്യത്തിന് വിരുദ്ധവും പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്നതുമായ ടെലികോം പരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതെന്ന് സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. സ്വകാര്യ ടെലികോം സേവനദാതാക്കളിൽനിന്ന് ലഭിക്കേണ്ട 1.31 ലക്ഷം കോടി രൂപ കേന്ദ്രം വേണ്ടെന്നുവയ്ക്കുകയാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുപോലും മറികടന്നു.
അതേസമയം, ബിഎസ്എൻഎല്ലിന് കേന്ദ്രം നൽകാനുള്ള 39,000 കോടി രൂപ അനുവദിക്കുന്നില്ല. ബിഎസ്എൻഎൽ, എംടിഎൻഎൽ സേവനം മെച്ചപ്പെടുത്താന്‍ നടപടിയില്ല. ബിഎസ്എൻഎൽ 4ജി സേവനം നൽകുന്നതിന് കേന്ദ്രം മനഃപൂർവം തടസ്സം സൃഷ്ടിക്കുന്നു. സ്വകാര്യകമ്പനികൾ ഉപകരണങ്ങൾ യഥേഷ്ടം ഇറക്കുമതി ചെയ്യുമ്പോൾ ബിഎസ്എൻഎല്ലിന് വിദേശത്തുനിന്ന് വാങ്ങാൻ അനുമതി നിഷേധിക്കുന്നു.
100 ശതമാനം എഫ്ഡിഐ അനുവദിച്ചതോടെ രാജ്യത്തെ കമ്പനികൾ വിദേശികളുടെ കൈപ്പിടിയിലാകും. ദേശസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ സ്ഥിതി. ഇതിനെതിരെ പ്രതിഷേധിക്കാൻ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തു.