തിരുവനന്തപുരം > സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗൗതം ദാസ് ത്രിപുരയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്ന് ത്രിപുരയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിലും അക്രമങ്ങളെ പ്രതിരോധിക്കുന്നതിലും മുൻനിരയിൽ പ്രവർത്തിക്കുമ്പോഴാണ് ഗൗതം ദാസിന്റെ നിര്യാണം.
പാർട്ടി മുഖപത്രമായ ഡെയ്ലി ദേശേർ കഥയെ തുടക്കം മുതൽ മുന്നോട്ടു നയിച്ച് ത്രിപുരയിലെ പ്രമുഖ പത്രമായി വളർത്തിയെടുക്കുന്നതിൽ ഗൗതം ദാസിന്റെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.