ന്യൂഡൽഹി> ആറുമാസത്തിനകം മഹാമാരി എന്ന നിലയിൽനിന്ന് സാധാരണ രോഗം എന്ന അവസ്ഥയിലേക്ക് കോവിഡ് മാറിത്തുടങ്ങുമെന്ന് ദേശീയ രോഗനിയന്ത്രണകേന്ദ്രം ഡയറക്ടർ (National Centre for Disease Control)സുജീത് സിങ്. ഇതോടെ രോഗനിയന്ത്രണവും കൈകാര്യം ചെയ്യലും എളുപ്പമാകും. വളരെ പതുക്കെ രോഗവ്യാപനമുണ്ടായ കേരളത്തിൽ അടക്കം സ്ഥിതി മാറുകയാണ്.
വാക്സിൻ എടുത്ത 20–-30 ശതമാനം പേർവരെ രോഗബാധിതരാകാൻ സാധ്യതയുണ്ട്. വാക്സിൻ എടുത്ത് 70–-100 ദിവസത്തിൽ പ്രതിരോധശേഷി കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദമില്ല– അദ്ദേഹം പറഞ്ഞു.
● ഒറ്റഡോസ് വാക്സിനായ സ്പുട്നിക് ലൈറ്റിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ഡിജിസിഐ അനുമതി നൽകി. വാക്സിന് 78.6 മുതൽ 83.7 ശതമാനംവരെ പ്രതിരോധശേഷിയുണ്ടെന്നാണ് അവകാശവാദം.
● 2020 മാർച്ചിൽ നിർത്തിയ ടൂറിസം വിസ പുനരാരംഭിക്കുന്നത് കേന്ദ്രത്തിന്റെ സജീവ പരിഗണനയിൽ. വ്യാഴാഴ്ച ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗം വിഷയം ചര്‍ച്ചചെയ്യും. ബിസിനസ്, തൊഴിൽ തുടങ്ങി മറ്റ് വിഭാഗങ്ങളിൽ വരുന്ന വിസകൾ നേരത്തേ പുനഃസ്ഥാപിച്ചു.
● കോവിഡ് വാക്സിന് കയറ്റുമതി പുനരാരംഭിക്കാനും കേന്ദ്രം ആലോചന തുടങ്ങി. മുഖ്യമായും ആഫ്രിക്കൻ രാജ്യങ്ങളിലേക്കാകും കയറ്റുമതി.