കളമശ്ശേരി: പലപ്പോഴും ഉള്ളിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരിക്കും നമ്മൾ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്‌യേ എന്നൊക്കെ പറയുന്നത് അപ്പോഴാണ്. പറഞ്ഞറിയിക്കാൻ പറ്റിയില്ലെങ്കിലും ഇനി സന്തോഷം അളന്നറിയാൻ പറ്റും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ഗവേഷക ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളന്നെടുക്കാൻ പറ്റുന്ന യന്ത്രം കണ്ടെത്തിയത്.
നാഡീതന്തുക്കൾ ഉത്‌പാദിപ്പിക്കുന്ന രാസപദാർഥമായ ഡോപ്പമൈൻ ആണ് സന്തോഷമുൾപ്പെടെയുള്ള മനുഷ്യവികാരങ്ങൾ നിർണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് നിർണയിക്കുന്ന ഡോപ്പാ മീറ്റർ എന്ന സെൻസർ ഉപകരണമാണ് ഡോ. ശാലിനി മേനോന്റെ കണ്ടെത്തൽ. ന്യൂറോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്ന് ഡോ. ശാലിനി പറയുന്നു.
- 4,000 രൂപ മാത്രം ചെലവു വരുന്ന ഈ ചെറു ഉപകരണം ഉപയോഗിക്കാൻ എളുപ്പമാണ്.
- പരിശോധനയ്‍ക്ക് രക്തസാമ്പിളിന്റെ ഒരു തുള്ളിയേ വേണ്ടൂ, രണ്ട് സെക്കൻഡിൽ ഫലം ലഭിക്കും.
പ്രോഗ്രാം ചെയ്‌യാവുന്ന ഇതിന്റെ ഡിസ്പോസിബിൾ ഇലക്‍ട്രോഡ് മാറി മാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകൾ നിർണയിക്കാൻ കഴിയും. ഡോപ്പാ മീറ്ററിന്റെ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ സയൻസ് ഫാക്കൽറ്റി ഡീൻ ഡോ. കെ. ഗിരീഷ് കുമാറിന്റെ മാർഗ നിർദേശത്തിലാണ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആർ. റിസർച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോൻ ഡോപ്പാ മീറ്റർ എന്ന സെൻസറിന്റെ പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചത്. കോഴിക്കോട്ടെ പ്രോച്ചിപ്പ് ടെക്നോളജിയുടെ സഹകരണവും ഉണ്ടായി. സർക്കാർ അംഗീകാരമുള്ള സ്റ്റാർട്ട് അപ്പ് സംരംഭമായ കെംസെൻസറിന്റെ സ്ഥാപകയാണ് ഡോ. ശാലിനി മേനോൻ.