വെറൈസൺ ഗ്രൂപ്പ് അവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന യാഹൂ, എ.ഒ.എൽ. എന്നീ കമ്പനികൾ 500 കോടി യു.എസ്. ഡോളറിന് അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനിക്ക് വിറ്റു. അപ്പോളോ യാഹൂവിനെ ഒരു സ്വതന്ത്ര സ്ഥാപനമായി നിലനിർത്തുമെങ്കിലും, പഴയ പേരിനോടൊപ്പമുള്ള ആശ്ചര്യചിഹ്നം ഇത്തവണ കാണാൻ സാധ്യതയില്ല. പുതിയ മീഡിയ കമ്പനിയിൽ 10 ശതമാനം ഓഹരി നിലനിർത്താനും വെറൈസൺ തീരുമാനിച്ചു.
വെറൈസൺ മീഡിയ ബിസിനസ്സിന്റെ മേധാവിയായ ഗുരു ഗൗരപ്പൻ ഈ നീക്കത്തെ വിശേഷിപ്പിച്ചത് ഇങ്ങനെ: യാഹൂവിന്റെ ഇനിയുള്ള പരിണാമം വളരെ ആവേശഭരിതമായിരിക്കും. ഇതോടൊപ്പം നമ്മുടെ ബിസിനസ് അടുത്ത ഘട്ടത്തിൽ എത്തിക്കാനുള്ള നിക്ഷേപവും മറ്റു സാങ്കേതിക സഹായങ്ങളും ഈ നീക്കത്തിലൂടെ ലഭിക്കും. പുതിയ വരുമാന മാർഗ്ഗം എന്ന നിലയിൽ ഇ-കോമേഴ്സ്, സബ്സ്ക്രിപ്ഷൻ എന്നിവ തുടങ്ങാനും ഇത് കമ്പനിയെ സഹായിക്കുമെന്നും ഗൗരപ്പൻ പറഞ്ഞു.
തൊണ്ണൂറുകളുടെ തുടക്കം മുതൽ രണ്ടായിരം വരെ ഇന്റർനെറ്റ് ലോകം ഭരിച്ചിരുന്ന യാഹൂ ഇന്ന് ഏതാണ്ട് വിസ്മൃതിയിലായിരിക്കുന്നു. ഇന്നത്തെ മില്ലേനിയൽ തലമുറയിൽ( 1981-നും 2001-നും ഇടയ്‍ക്കു ജനിച്ചവർ) പെട്ട ചിലരുടെയെങ്കിലും ആദ്യ ഇ മെയിൽ ഐഡി യാഹൂവിന്റേതാകാം. ഗൂഗിൾ ഒരു ബസ്സ്വേർഡ് ആകുന്നത് വരെ ജനപ്രിയ സെർച്ച് എൻജിൻ യാഹൂ ആയിരുന്നു. എന്താണ് യാഹൂവിന് സംഭവിച്ചത്? ടെക് ലോകത്തെ കിട മത്സരത്തിൽ എവിടെയാണ് യാഹൂവിന് പിഴച്ചത്?
യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കണ്ടുപിടുത്തം
കാലിഫോർണിയ ആസ്ഥാനമായ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ രണ്ടു വിദ്യാത്ഥികൾ ആയിരുന്നു യാഹൂവിന്റെ സ്ഥാപകർ. തായ്വാനീസ് അമേരിക്കൻ വംശജനായ ജെറി യാങ്, ഡേവിഡ് റോബർട്ട് ഫിലോ എന്നിവരായിരുന്നു അവർ. ജെറിയുടെയും ഡേവിഡിന്റേയും ഇന്റർനെറ്റിലേക്കുള്ള ഗൈഡ് (Jerry and Davids Guide to the World Wide Web) എന്ന നിലയിൽ തുടങ്ങിയ വെബ്സൈറ്റ് പിന്നീട് കൂടുതൽ ജനപ്രിയമാകുകയും 1994-ൽ യാഹൂ! (Yahoo!) എന്ന് പേരിടുകയും ചെയ്തു.
അവരുടെ ഇഷ്ട വെബ്സൈറ്റുകളുടെ ശേഖരം എന്ന നിലയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനിയുടെ വളർച്ച യാഹൂ എന്ന പേര് സ്വീകരിച്ചതോടെ ദ്രുതഗതിയിലായി. വെബ്സൈറ്റുകളുടെ ശേഖരത്തോടൊപ്പം, ഒരു സെർച്ച് എൻജിനും ഇ മെയിൽ സർവീസും യാഹൂവിൽ കൂട്ടിച്ചേർത്തു.
ഗൂഗിളുമായുള്ള കിടമത്സരം
1998-ലാണ് ഗൂഗിൾ ആരംഭിക്കുന്നത് സ്റ്റാൻഫോർഡിലെ തന്നെ വിദ്യാർത്ഥികൾ ആയിരുന്ന ലാറി പേജും സെർജി ബ്രിനും ചേർന്നാണ്.. 1996-ൽ ഇരുവരും ചേർന്ന് തുടങ്ങിയ ബാക്റബ്ബ്(BackRub) എന്ന റിസർച്ച് പ്രൊജക്റ്റ് ആണ് പിന്നീട് ഗൂഗിൾ എന്ന സെർച്ച് എൻജിൻ ആയി മാറുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗൂഗിൾ യാഹൂവിനോളം വളർന്നു.
തൊട്ടയൽപക്കത്ത് തങ്ങളെക്കാൾ ശക്തരായ എതിരാളികൾ വളരുന്നത് തെല്ലൊന്നുമല്ല യാഹൂവിന്നെ അലോസരപ്പെടുത്തിയത്. ഗൂഗിളിനെ പ്രതിരോധിക്കാനായി യാഹൂ ഇൻസ്റ്റന്റ് മെസ്സേജ് എന്ന മെസ്സേജിങ് പ്ലാറ്റ്ഫോം പുറത്തിറക്കുകയും ഫ്ലിക്കർ (Flickr) എന്ന ഇന്റർനെറ്റ് ഫോട്ടോ നെറ്റ്വർക്ക് നിർമിക്കുകയും ചെയ്തു. ഇതോടൊപ്പം ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ 40 ശതമാനം ഓഹരിയും യാഹൂ കൈക്കലാക്കി. പക്ഷെ, ഇവയൊന്നും യാഹൂവിന്റെ മാർക്കറ്റ് ഷെയർ നിലനിർത്താൻ പര്യാപ്തമായില്ല.
നാളുകൾ കഴിയുന്തോറും യാഹൂവിന്റെ മാർക്കറ്റ് ഷെയർ കുറയുകയും ഗൂഗിൾ ഒരു ആഗോള ഭീമൻ ആവുകയും ചെയ്തു. ഇതോടൊപ്പം ഫേസ്ബുക്, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾ ഊർജിതമാവുകയും ചെയ്തതോടെ യാഹൂവിന്റെ നില കൂടുതൽ പരുങ്ങലിലായി.
ടെക് മത്സരത്തിൽ യാഹൂവിന് പിഴച്ചതെവിടെ?
യാഹൂവിനെ പിന്നോട്ടടിച്ചതിൽ അവരുടെ തെറ്റായ തീരുമാനങ്ങൾക്ക് വലിയ പങ്കുണ്ട്. അവയിൽ ഏറ്റുവും പ്രധാനപ്പെട്ടതാണ്, 1998-ൽ ഗൂഗിൾ സ്ഥാപകർ യാഹൂവിനെ സമീപിച്ചിട്ടും ഗൂഗിളിനെ വാങ്ങാതിരുന്നത്. അന്ന് ഗൂഗിൾ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും 10 ലക്ഷം യു.എസ്. ഡോളറിന് (7.36 കോടി രൂപ) ഗൂഗിൾ കമ്പനിയെ യാഹൂവിനു വിൽക്കാനുള്ള ഓഫറുമായി അവരെ സമീപിച്ചിരുന്നു.
എന്നാൽ യാഹൂ ആ ഓഫർ നിരസിച്ചു. ഒരു പക്ഷെ അന്ന് യാഹൂ അവരെ വാങ്ങിയിരുന്നുവെങ്കിൽ ഗൂഗിൾ ഇന്ന് കാണുന്ന രീതിയിൽ എത്തുകയില്ലായിരുന്നു. പറ്റിയ തെറ്റ് മനസിലായിതോടെ, 2002-ൽ യാഹൂ സി.ഇ.ഒ. ടെറി സെമേൽ ഗൂഗിൾ വിലക്കെടുക്കാൻ 300 കോടി യു.എസ്. ഡോളറിന്റെ ഡീലുമായി അവരെ സമീപിച്ചിരുന്നു. എന്നാൽ ഗൂഗിൾ 500 കോടി ചോദിച്ചതോടെ യാഹൂ പിന്മാറി. ഇതും വലിയ അബദ്ധമാണെന്ന് പിന്നീട് കാലം തെളിയിച്ചു.
2006-ൽ ഫേസ്ബുക് വാങ്ങാനുള്ള കരാർ യാഹൂ ഉപേക്ഷിച്ചത് ഇതുപോലെ മറ്റൊരു മോശം തീരുമാനമായിരുന്നു. 2006 ജൂലൈയിൽ 110 കോടി ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുക്കാൻ യാഹൂ തീരുമാനിച്ചു. പക്ഷെ, പിന്നീട് പ്രസ്തുത ഡീൽ 80 കോടി ഡോളറായി യാഹൂ സി.ഇ.ഒ. കുറക്കുകയും ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബെർഗ് അതിൽനിന്ന് പിന്മാറുകയും ചെയ്തു.
2008-ൽ മൈക്രോസോഫ്റ്റ് ഗൂഗിളിന്റെ അപ്രമാദിത്വത്തെ തടയിടാൻ യാഹൂവിനെ ഏറ്റെടുക്കാൻ തീരുമാനിച്ചു. 460 കോടി ഡോളറിന്റെ ഡീൽ ആയിരുന്നു അത്. എന്നാൽ, യാഹൂ അതും നിരസിച്ചു.
ഇതിനിടയിൽ ബ്രോഡ്കാസറ്റ്, ജിയോസിറ്റീസ് പോലുള്ള സ്റ്റാർട്ടപ്പുകളെ ഏറ്റെടുത്തിരുനെങ്കിലും അവയെ ഒന്നും ലാഭകരമായ ബിസിനസ് മാതൃകകളായി വളർത്താൻ യാഹൂവിന് കഴിഞ്ഞിരുന്നില്ല.
യാഹൂ ഒരേസമയം അനവധി ഇന്റർനെറ്റ് സേവനങ്ങൾ നല്കിയിരുന്നു. ആദ്യ വെബ് ഡയറക്‍ടറി, യൂട്യൂബിന്റെ മുൻഗാമി എന്ന് വിശേഷിപ്പിക്കാവുന്ന ബ്രോഡ്കാസറ്റ്.കോം, നോട്ടുകൾ തയ്‌യാറാകാൻ വേണ്ടി യാഹൂ നോട്ടുബുക്ക്, യാഹൂ മ്യൂസിക് എന്നിവ ഇന്റർനെറ്റ് ലോകത്ത് ആദ്യം അവതരിപ്പിച്ചത് യാഹൂവായിരുന്നു.
ഇതോടൊപ്പം പല കാലയളവിൽ യാഹൂവിനെ നിയന്ത്രിച്ച മേധാവികൾ (CEOs) അതിനു വ്യതസ്തമായ വഴികളിലൂടെ നയിച്ചെങ്കിലും എല്ലാ മേഖലയിലും പരാജയമായിരുന്നു ഫലം. ഗൂഗിൾ, ഫേസ്ബുക്, മൈക്രോസോഫ്റ്റ് എന്നീ ടെക് ഭീമൻമാർ തങ്ങളുടെ മേഖലകളായ വെബ് സർഫിങ്, സോഷ്യൽ മീഡിയ, സോഫ്റ്റ്വെയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ യാഹൂ പുതിയ മേഖലകളിലേക്ക് ഇറങ്ങിയത് അവർക്കു തിരിച്ചടിയായി. ഇതിന്റെ ഫലമായി യാഹൂവിന്റെ ടേൺഓവർ 2008-ൽ 720 കോടിയിൽനിന്ന് 2016 ആയപ്പോൾ 460 കോടിയായി കുറഞ്ഞു.
കുറയുന്ന ജനപ്രീതിയും വരുമാനനഷ്ടവും യാഹൂവിനെ മറ്റ് പോംവഴികൾ തേടാൻ നിർബന്ധിതരാക്കി. അമേരിക്കൻ ടെലികോം കമ്പനിയായ വെറൈസൺ 2017-ൽ യാഹൂ ഉൾപ്പെടെ 50 മാധ്യമസ്ഥാപനങ്ങളെ ഏറ്റെടുത്തിരുന്നു. അന്ന് വെറൈസൺ യാഹൂവിന്റെ ഇന്റർനെറ്റ് ബിസിനസ് ആണ് ഏറ്റെടുത്തത്.
ഇപ്പോൾ യാഹൂവിനെ അപ്പോളോ ഗ്രൂപ്പിന് വെറൈസൺ വിൽക്കുന്നത് അവരുടെ 5 ജി പദ്ധതിക്ക് വേണ്ടിയുള്ള പണം കണ്ടെത്താനാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കിലും യാഹൂവിന് ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടോ എന്നത് പ്രവചനാതീതമാണ്.
Content Highlights: Verizon sells Yahoo and AOL to Apollo