ന്യൂഡൽഹി
സാമ്പത്തികസഹായം വാഗ്ദാനംചെയ്ത് അയൽവാസിയെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി സർക്കാർ ഈയിടെ കൊണ്ടുവന്ന മതപരിവർത്തനനിരോധന നിയമപ്രകാരം മഹാബയിലെ ആശിഷ് ജോണി(40)യെയാണ് അറസ്റ്റ് ചെയ്തത്.
അയൽവാസി സച്ചിൻ ദ്വിവേദിയാണ് ആശിഷിനെതിരെ പരാതി നൽകിയത്. നിരന്തരം തലവേദന അലട്ടുന്നുവെന്ന് സച്ചിൻ പരാതിപ്പെട്ടപ്പോൾ ആശിഷ് ഒരു പാനീയം നൽകി. അത് കുടിച്ചിട്ടും തലവേദന മാറിയില്ലെന്ന് അറിയിച്ചപ്പോൾ ക്രിസ്തുമതത്തിൽ ചേരാൻ ആശിഷ് നിർദേശിച്ചു. ബിസിനസ് തുടങ്ങാൻ 12,000 രൂപ വാഗ്ദാനം ചെയ്ത ആശിഷ്, പള്ളിയിലേക്ക് ക്ഷണിച്ചുവെന്നും പരാതിയിൽ പറയുന്നു.
കോടതിയിൽ ഹാജരാക്കിയ ആശിഷിനെ റിമാൻഡ് ചെയ്തു. ആശിഷിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ സമരം നടത്തിയിരുന്നു.