തിരുവനന്തപുരം
നിസാമുദ്ദീൻ -എക്സ്പ്രസിൽ മൂന്ന് സ്ത്രീകളെ മയക്കി പതിനാറര പവൻ ആഭരണവും മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിൽ അന്വേഷണം തമിഴ്നാട്, കർണാടകം കേന്ദ്രീകരിച്ച്. ഇതിനായി റെയിൽവേ പൊലീസ് എസ്പി ഗോപകുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘത്തെ നിയോഗിച്ചു.
സ്ഥിരം കുറ്റവാളി ഗുജറാത്ത് സൂറത്ത് സ്വദേശി അസ്ഗർ ബഗ്ഷയാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് റെയിൽവേ പൊലീസ്. ഇയാൾക്കെതിരെ ഗോവ, കോയമ്പത്തൂർ, മധുര, ചെന്നൈ സ്റ്റേഷനുകളിൽ സമാനകേസുകളുണ്ട്. അസ്ഗറിന്റെ വിരലടയാളം ശേഖരിക്കാനുള്ള നീക്കവും ആരംഭിച്ചു. തിരുപ്പതിമുതൽ പാലക്കാട്വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
ആഗ്രയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മി (45) മകൾ അഞ്ജലി (20) എന്നിവരിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് പതിനാറര പവന്റെ ആഭരണവും 29,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണും നഷ്ടമായത്. ആലുവ സ്വദേശി കൗസല്യ(23) യുടെ 15,000 രൂപയുടെ മൊബൈലും കവർന്നു.
വിജയലക്ഷ്മിയുടെ പാന്റ്സിലെ പ്രത്യേക അറയിൽ സ്വർണം ഒളിപ്പിച്ചിരുന്ന കാര്യം മോഷ്ടാവ് എങ്ങനെ തിരിച്ചറിഞ്ഞുവെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. ഈ അറ കത്തി കൊണ്ട് കീറിയാണ് സ്വർണം കവർന്നത്. ഉറങ്ങിയ സമയത്ത് എന്തെങ്കിലും സ്പ്രേ മുഖത്തടിച്ച് മയക്കിയശേഷമാകാം കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ഭക്ഷണത്തിലോ വെള്ളത്തിലോ മയക്ക്മരുന്ന് ചേർത്തോയെന്നും പരിശോധിക്കുന്നുണ്ട്. തങ്ങളുടെ കോച്ചിൽ അസ്ഗർ ബഗ്ഷയെ പോലൊരാളെ കണ്ടിരുന്നതായാണ് വിജയലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ മാസ്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ലെന്നും അവർ പറയുന്നു. റിസർവേഷൻ ചാർട്ടിൽ അസ്ഗറിന്റെ പേരില്ലെന്നും ബോഗിയിലെ വിരലടയാളങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.