ന്യൂഡൽഹി
ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് ഈയാഴ്ചതന്നെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചേക്കും. ഇന്ത്യയിൽ നിലവിൽ കോവിഷീൽഡിനുമാത്രമാണ് ഡബ്ല്യുഎച്ച്ഒയുടെ അടിയന്തര ഉപയോഗാനുമതിയുള്ളത്. റഷ്യൻ നിർമിത സ്പുട്നിക് വാക്സിനും ഉപയോഗാനുമതി പ്രക്രിയയിലാണ്. കോവിഷീൽഡ് അടക്കം ആറ് വാക്സിനാണ് ഡബ്ല്യുഎച്ച്ഒയുടെ ഉപയോഗാനുമതിയുള്ളത്. കോവാക്സിൻ എടുത്തവർക്ക് വിദേശത്ത് പോകാനും മറ്റുമുള്ള തടസ്സങ്ങൾ അംഗീകാരം കിട്ടുന്നതോടെ മാറും.
കയറ്റുമതി ചെയ്യാനുമാകും. ഡബ്ല്യുഎച്ച്ഒ അംഗീകാരം വൈകാതെ ലഭിക്കുമെന്ന് കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കാണ് അറിയിച്ചത്. വാക്സിൻ നിലവാരം, സുരക്ഷ, കാര്യക്ഷമത, തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് ഉപയോഗാനുമതി നൽകുന്നത്.
75 കോടി ഡോസ് കടന്നു
ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ 75 കോടി ഡോസ് കടന്നു. തിങ്കളാഴ്ച 70 ലക്ഷത്തിനടുത്ത് ഡോസ് കൂടി നൽകിയതോടെ ആകെ 75.1 കോടിയിലെത്തി. 56.96 കോടി പേറക്ക് ഒരു ഡോസും 18.15 കോടിയാളുകൾക്ക് രണ്ട് ഡോസും ലഭിച്ചു. ഇന്ത്യയിൽ ആദ്യ 10 കോടി കുത്തിവയ്പിന് 85 ദിവസം വേണ്ടി വന്നപ്പോൾ 65ൽനിന്ന് 75 കോടിയെത്താൻ 13 ദിവസംമാത്രമാണ് വേണ്ടി വന്നതെന്ന് ഡബ്ല്യുഎച്ച്ഒ മേഖലാ ഡയറക്ടർ ഡോ. പൂനം ഖെത്രപാൽ സിങ് പറഞ്ഞു.
രാജ്യത്ത് 13 ശതമാനത്തിനുമാത്രമാണ് രണ്ടു ഡോസ് നൽകിയത്. 18 വയസ്സിന് മുകളിലുള്ളവരെമാത്രമായി പരിഗണിച്ചാൽ 20 ശതമാനത്തിനടുത്തുമാത്രമാണ് രണ്ടു ഡോസെടുത്തത്. ഈ വർഷം അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവർക്കും രണ്ടുഡോസ് നൽകുമെന്നാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്.