കൽപ്പറ്റ
കരളേ കണ്ണേ അഭിമന്യൂ
ഞങ്ങടെ നെഞ്ചിലെ *റോസാപ്പൂവേ
ആരു പറഞ്ഞു മരിച്ചെന്ന്….
മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളികൾ ഇടിമുഴക്കമായി വാനിലുയരുമ്പോൾ ആ അമ്മയുടെ വിലാപം ആർത്തനാദമായി പെയ്തു. ചുണ്ടിൽ പുഞ്ചിരിയും നെഞ്ചിൽ വിപ്ലവത്തിന്റെ തീപ്പന്തവുമായി പാറി നടന്ന മകന്റെ ഓർമകളിൽ അവർ പൊട്ടിക്കരഞ്ഞു. ‘നാൻ പെറ്റ മകനേ’ എന്ന നെഞ്ചുപിളരുന്ന നിലവിളി കണ്ടുനിന്നവരുടെ ഉള്ള് പൊള്ളിച്ചു.
എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ അഭിമന്യു സ്മാരക മന്ദിരം ഉദ്ഘാടന ചടങ്ങിൽ അഭിമന്യുവിന്റെ അമ്മ ഭൂപതിയാണ് കാഴ്ചക്കാരുടെ കണ്ണ്നനച്ചത്. ഉണ്ണി കാനായി തയ്യാറാക്കിയ അഭിമന്യുവിന്റെ ചുമർചിത്രം തലോടി അവർ പൊട്ടിക്കരഞ്ഞു. മഹാരാജാസ് കോളേജിൽ വർഗീയശക്തികളുടെ കഠാരമുനയിൽ പിടഞ്ഞു മരിച്ച അഭിമന്യുവിന്റെ ഓർമകൾ തുടിക്കുന്ന വികാരഭരിതമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്. അഭിമന്യുവിന്റെ അച്ഛൻ മനോഹരനും സഹോദരൻ പരിജിത്തും പങ്കെടുത്തു.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി.
രാജ്യത്ത് ആദ്യമായാണ് എസ്എഫ്ഐക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം നിർമിച്ചത്. കൽപ്പറ്റ എ കെ ജി ഭവനു സമീപം 36 ലക്ഷം രൂപ ചെലവിലാണ് മനോഹരമായ കെട്ടിടം. വിദ്യാർഥികൾ ജോലിയെടുത്താണ് ഇതിനുള്ള പണം കണ്ടെത്തിയത്.
അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അഭിമന്യുവിന്റെ ശില്പം അനാച്ഛാദനം ചെയ്തു. ജില്ലയിലെ എസ്എഫ്ഐയുടെ ചരിത്രം പറയുന്ന ജില്ലാ കമ്മിറ്റിയുടെ മുഖമാസിക ‘നേര്’ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് എംഎൽഎ പ്രകാശിപ്പിച്ചു. അഭിമന്യു എൻഡോവ്മെന്റ് പുരസ്കാരം മാതാപിതാക്കൾ നൽകി. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.