ചെന്നൈ
അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്നാട് സർക്കാർ ബിൽ പാസാക്കി. നീറ്റ് നടപ്പാക്കില്ലെന്നും മെഡിക്കൽ പ്രവേശനം 12–-ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിച്ചാകുമെന്നും വ്യവസ്ഥ ചെയ്യുന്ന ബിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് അവതരിപ്പിച്ചത്. പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയും ബില്ലിനെ പിന്തുണച്ചു. ആദ്യമായാണ് ഒരു സംസ്ഥാനം നീറ്റിനെതിരെ ബിൽ പാസാക്കിയത്.
നീറ്റ് പരീക്ഷ നടന്ന ഞായറാഴ്ച സേലം സ്വദേശിയായ വിദ്യാർഥി ആത്മഹത്യ ചെയ്തത് വൻ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് സർക്കാരിന്റെ നീക്കം. എല്ലാ വിഭാഗത്തിൽനിന്നുമുള്ള വിദ്യാർഥികൾക്ക് സാമൂഹ്യനീതിയും അവസര തുല്യതയും ഉറപ്പാക്കാൻ ഇതിനായി നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചെന്ന് ബിൽ വ്യക്തമാക്കി. ബിജെപി ഇറങ്ങിപ്പോയി.