കുവൈറ്റ് സിറ്റി > ഇന്ത്യയ്ക്ക് പുറത്ത് ‘നീറ്റ് പരീക്ഷ’ നടത്തുന്ന ആദ്യ രാജ്യമായി കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ വിദ്യാർഥികൾക്കായാണ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചത്. 300 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ മുറ്റത്ത് എയർ കണ്ടീഷൻ സംവിധാനത്തോടെ പ്രത്യേകം സജ്ജീകരിച്ച ടെന്റിലായിരുന്നു പരീക്ഷ.
പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹം ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ ഇടപെടൽ ഒടുവിൽ ഫലം കാണുകയായിരുന്നു. പരീക്ഷ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയിൽ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇന്നലെ നിർത്തിവെച്ചിരുന്നു. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് എംബസി നടത്തിയത്. കുട്ടികൾക്ക് എംബസി കവാടത്തിൽ നിന്നും പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ. കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ അധികൃതരും പരീക്ഷ നടത്തിപ്പിനായി എംബസിയെ സഹായിച്ചു.