കൊച്ചി> ഇന് ഹരിഹര് നഗര് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി മനസില് റിസബാവ ഇടം നേടിയപ്പോള്, മുകേഷിന്റെ മഹാദേവനും സിദ്ദിഖിന്റെ ഗോവിന്ദന്കുട്ടിയും ജഗദീഷിന്റെ അപ്പുക്കുട്ടനുമൊക്കെ ചിരി പടര്ത്തിയ ചിത്രത്തില് പ്രേക്ഷകരെ ഞെട്ടിച്ച എന്ട്രി റിസബാവ അവതരിപ്പിച്ച ‘ജോണ് ഹോനായി’യുടേതായിരുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയുള്ള ഒരു നടനെ ഇതിലൂടെ മലയാളത്തിന് ലഭിക്കുകയും ചെയ്തു. നിരവധി വേഷങ്ങളും അദ്ദേഹത്തെ പിന്നീട് തേടിയെത്തി.
1984-ല് വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.ആറുവര്ഷങ്ങള്ക്ക് ശേഷം റിസബാവ നായകനായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര് പശുപതിയില് പാര്വതിയുടെ നായകനായത് റിസബാവയായിരുന്നു.
അതേവര്ഷം തന്നെയാണ് സിദ്ദിഖ് ലാല് കൂട്ടുകെട്ടില് പിറന്ന ഇന് ഹരിഹര് നഗറിലെ ജോണ് ഹോനായി മലയാള സിനിമാസ്വാദകരുടെ മനസില് ഭയത്തിന്റെ പുതിയ തലങ്ങള് സൃഷ്ടിച്ചത്. വില്ലന്മാര്ക്ക് എപ്പോഴും വേറിട്ട പേരിടാറുള്ള സിദ്ദിഖ്-ലാല് കഥാപാത്രത്തിനു നല്കിയ പേര് മുതല് റിസബാവയുടെ വേറിട്ട ശബ്ദവും സുന്ദരരൂപവുമൊക്കെ ഹോനായ്ക്ക് വ്യത്യസ്തത നല്കിയ ഘടകങ്ങളായിരുന്നു.
ബന്ധുക്കള് ശത്രുക്കള്, ആനവാല് മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയന് ബാവ ചേട്ടന് ബാവ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷന് പരമ്പരകളിലും അദ്ദേഹം പിന്നീട് വേഷമിട്ടു.കരിയറിന്റെ തുടക്കത്തില് ലഭിച്ച ‘ജോണ് ഹോനായ്’യെപ്പോലൊരു കഥാപാത്രം എന്നാല് റിസബാവയ്ക്ക് പിന്നീട് ലഭിച്ചില്ല.സിനിമയില് പ്രതിനായക, സ്വഭാവ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടെ മിനിസ്ക്രീനിലേക്കും അദ്ദേഹം എത്തി.
സൂര്യ ടിവി സംപ്രേഷണം ചെയ്ത വാല്സല്യം എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിലേക്ക് എത്തിയ റിസബാവ മന്ത്രകോടി, ആര്ദ്രം, ദത്തുപുത്രി, കാണാക്കണ്മണി, തേനും വയമ്പും, നാമം ജപിക്കുന്ന വീട് തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ മിനിസ്ക്രീന് പ്രേക്ഷകരുടെയും പ്രീതി നേടി.
അഭിനയിക്കാത്ത ചിത്രങ്ങളില് ഡബ്ബിംഗ് ആര്ട്ടിസ്റ്റ് എന്ന നിലയില് തിളങ്ങാനും അദ്ദേഹത്തെ സഹായിച്ചത് വേറിട്ട ശബ്ദവും ഡയലോഗ് ഡെലിവറിയിലെ പൂര്ണ്ണതയുമായിരുന്നു. ബ്ലെസിയുടെ ‘പ്രണയ’ത്തില് അനുപം ഖേറിനും അദ്ദേഹം ശബ്ദം നല്കി