ന്യൂഡൽഹി
നിയമനിർമാണസഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽത്തന്നെ പാസാക്കണമെന്ന് മഹിളാ സംഘടനകളുടെ സംയുക്ത പ്രസ്താവന. സ്ത്രീസംവരണ ബില്ലിന്റെ 25–-ാം വാർഷികത്തോട് അനുബന്ധിച്ച് ഡൽഹിയിൽനടന്ന സെമിനാറിലാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
1996 സെപ്തംബർ 25ന് ലോക്സഭയിൽ അവതരിപ്പിച്ച ബിൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പാസാക്കാത്തത് ദുരൂഹമാണ്. ബിജെപിയും കോൺഗ്രസും പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിൽ പാസാക്കാൻ കാര്യമായ തടസ്സമില്ല. അടുത്ത സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കണം.
2010ൽ ബിൽ രാജ്യസഭയിൽ പാസായത് പ്രധാന ചുവടുവയ്പ്പായിരുന്നു. എന്നാൽ 11 വർഷമായിട്ടും ബിൽ ലോക്സഭയിൽ എത്തിയില്ല. മോദി സർക്കാർ സ്ത്രീകൾക്ക് 33 അല്ല, 50 ശതമാനംതന്നെ അനുവദിക്കുമെന്ന് അവകാശപ്പെട്ടിരുന്നത് വെറും തട്ടിപ്പാണെന്ന് വ്യക്തമായിട്ടുണ്ട്. ബിജെപി നേതാവ് യോഗിആദിത്യനാഥിന്റെ ലേഖനത്തിലും മനുസ്മൃതി പ്രകാരം സ്ത്രീകൾ പുരുഷൻമാരാൽ നിയന്ത്രിക്കപ്പെടേണ്ടവരാണെന്ന പിന്തിരിപ്പൻ ആശയം ആവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ ‘ആത്മാർഥത’ തെളിയിക്കുന്ന വാക്യങ്ങളാണിതെന്നും സംയുക്തപ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
അഭിരാമി ജോഷി (എഐഡിഎംഎഎം), മറിയം ധാവ്ളെ (എഐഡിഡബ്ല്യുഎ), ആനി രാജ (എൻഎഫ്ഐഡബ്ല്യു), കവിത കൃഷ്ണൻ (എഐപിഡബ്ല്യുഎ), ഷബ്നം ഹഷ്മി (അൻഹദ്), സീമ ജോഷി, മധു വാർഷ്ണേയ് (ഡിഡബ്ല്യുസി) തുടങ്ങിയവർ പങ്കെടുത്തു.