കർണാൽ
കർഷകസമരത്തിൽ രക്തസാക്ഷിയായ സുശീൽ കാജലിന്റെ കുടുംബത്തെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദർശിച്ചു. കർണാൽ റായ്പുർ ജതൻ ഗ്രാമത്തിലെത്തിയാണ് യെച്ചൂരി സുശീലിന്റെ കുടുംബാംഗങ്ങളെ കണ്ടത്. 10 മാസമായി കർഷക സമരരംഗത്തുണ്ടായിരുന്ന സുശീൽ കഴിഞ്ഞ 28നു പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടശേഷവും കുടുംബം പോരാട്ടപാതയിൽ തുടരുകയാണ്. സുശീൽ എന്തിനുവേണ്ടിയാണോ മരിച്ചത് ആ ലക്ഷ്യംനേടാൻ ദിവസവും കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുവെന്ന് സുശീലിന്റെ ഭാര്യ സുദേഷ്ദേവി യെച്ചൂരിയോട് പറഞ്ഞു.
ഭഗത്സിങ് രക്തസാക്ഷിയായതിനെ തുടർന്ന് അദ്ദേഹത്തിന്റെ അമ്മ കണ്ണീർ പൊഴിച്ചിട്ടില്ലെന്ന് സുശീലിന്റെ അമ്മ മൂർത്തിദേവി അനുസ്മരിച്ചു. ഈ ധീരതയെ യെച്ചൂരി അഭിവാദ്യം ചെയ്തു. നീതിക്കുവേണ്ടി സുശീലിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തിനു സിപിഐ എം എല്ലാ പിന്തുണയും നൽകുമെന്ന് യെച്ചൂരി അറിയിച്ചു.
സിപിഐ എം നേതാക്കളായ നീലോൽപൽ ബസു, ജൊഗീന്ദർശർമ, ഡോ. അശോക് അറോറ, സുനിൽ ദത്ത്, കിസാൻസഭ നേതാവ് ഇന്ദർജിത് സിങ്, മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജഗ്മതി സങ്വാൻ എന്നിവരും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.