ന്യൂഡൽഹി
കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ട ഗുജറാത്തിൽ പുതുമുഖ എംഎൽഎ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാവുന്നത് അപ്രതീക്ഷിതമായി. നേതാക്കളുടെ വടംവലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യങ്ങളുമാണ് ഭൂപേന്ദ്ര പട്ടേലിന് വഴിയൊരുക്കിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി പച്ചക്കൊടി കാട്ടിയതോടെ പട്ടേൽ കസേരയുറപ്പിച്ചു.
എന്നാൽ, ഗാന്ധിനഗറിലെ ബിജെപി ഓഫീസിൽ സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചപ്പോൾ സംഘപരിവാർ നേതാക്കളടക്കം അങ്കലാപ്പിലായി. ആളാരെന്നറിയാൻ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഗൂഗിളിൽ തപ്പേണ്ടിവന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് 15 മാസംമാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രബലമായ പട്ടേൽ വിഭാഗത്തെ ബിജെപി പിണക്കില്ലെന്ന് ഉറപ്പിച്ചിരുന്നു. പട്ടേലുകാരായ പല മുതിർന്ന നേതാക്കളുടെയും പേരുകൾ അഭ്യൂഹങ്ങളായി പടർന്നു. കേന്ദ്രമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ മൻസുഖ് മാണ്ഡവ്യ തിരക്കിട്ട് അഹമദാബാദിലെത്തിയതും ഇതിന് കരുത്തുകൂട്ടി. ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും മത്സരരംഗത്ത് ഉറച്ചുനിന്നു. പട്ടേൽ വിഭാഗത്തെ പരിഗണിക്കുമെന്ന് ബോധ്യപ്പെട്ടതോടെ മത്സരരംഗത്തില്ലെന്ന് സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ ശനിയാഴ്ചതന്നെ വ്യക്തമാക്കി.
2017ൽ ആദ്യമായി നിയമസഭയിലെത്തിയ അമ്പത്തൊമ്പതുകാരനായ ഭൂപേന്ദ്ര പട്ടേൽ ചിത്രത്തിൽപോലുമുണ്ടായിരുന്നില്ല. മോദിയുടെ പഴയ വിശ്വസ്ത ആനന്ദിബെന്നിന്റെ ഉപദേശത്തിലൂടെയാണ് ഭൂപേന്ദ്രയുടെ പേര് കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ എത്തിയതും. ദുർബലനായ ഭൂപേന്ദ്ര മുഖ്യമന്ത്രിയാകുന്നതിൽ അമിത് ഷായ്ക്കും എതിർപ്പുണ്ടായില്ല. കഴിഞ്ഞ തവണ ആനന്ദിബെന്നിനെ രാജിവയ്പിച്ചപ്പോൾ പട്ടേൽ വിഭാഗത്തിൽ നിന്നല്ലാത്ത റുപാണിയെ നിർദേശിച്ചത് അമിത് ഷാ ആയിരുന്നു. കോവിഡ് പാളിച്ചകളും ഭരണത്തിലെ കുടുംബക്കാരുടെ ഇടപെടലുകളും തിരിച്ചടിയായതോടെ റുപാണിയെ അമിത് ഷാ കൈവിട്ടു. മോദി ആനന്ദിബെൻ വഴി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ താൽപ്പര്യമില്ലെങ്കിലും മുഖ്യമന്ത്രിസ്ഥാനത്ത് പ്രബലരാരും എത്താത്തതിൽ അമിത് ഷാ സന്തുഷ്ടനാണ്. അഹമദാബാദ് കോർപറേഷൻ കൗൺസിലറായും നഗരവികസന അതോറിറ്റി അംഗമായും ഭൂപേന്ദ്ര പട്ടേൽ പ്രവർത്തിച്ചിട്ടുണ്ട്. പട്ടേൽ വിഭാഗക്കാരുടെ സർദാർദാം ഫൗണ്ടേഷൻ ട്രസ്റ്റിയുമാണ്.
പിൻനിരയിൽനിന്ന് ഒന്നാമനായി
പുതിയ മുഖ്യമന്ത്രിക്കായി ഞായറാഴ്ച ഗാന്ധിനഗറിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുമ്പോൾ അതിലൊന്നും ഭാഗമാകാതെ സ്വന്തം മണ്ഡലത്തിലെ പരിപാടികളിലായിരുന്നു ഭൂപേന്ദ്ര പട്ടേൽ. രാവിലെ വൃക്ഷത്തൈ നടീൽ ചടങ്ങിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നിന് എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ബിജെപി ഓഫീസിലെത്തി.
പുതുമുഖമായതിനാൽ ഏറ്റവും പിൻനിരയിൽ ഇരുന്നു. കേന്ദ്ര നേതാക്കൾ പേര് ഏകപക്ഷീയമായി പ്രഖ്യാപിച്ചപ്പോൾ മറ്റ് എംഎൽഎമാർ അമ്പരപ്പോടെ പിന്നിലേക്ക് തിരിഞ്ഞ് പട്ടേലിനെ ആശംസിച്ചു.