മംഗളൂരു
ഉഡുപ്പി കാർക്കളയിൽ ക്രൈസ്തവ പ്രാർഥനാലയത്തിനുനേരെ ആക്രമണം നടത്തിയ 30 ഹിന്ദു ജാഗരണ വേദിഗെ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കുക്കുണ്ടൂരിലെ പ്രാർഥനാ ഹാളായ പ്രഗതിയിൽ പ്രാർഥിക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് അവിടെ കൂടിയിരുന്നവരുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുംചെയ്തു.
പ്രാർഥന ഹാളിന്റെ മാനേജർ ബെനിഡ്ക്റ്റ് ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. പ്രതിഷേധം ഉയർന്നപ്പോഴാണ് കേസെടുത്തത്. മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നാരോപിച്ചു സന്തോഷ് എന്നയാൾ നൽകിയ പരാതിയിൽ ബെനഡിക്റ്റിനെതിരെയും കേസെടുത്തു.
പ്രാർഥനക്കായി മറ്റ് മത വിശ്വാസികളുൾപ്പെടെ ഒത്തു കൂടുന്നതാണെന്നും മതപരിവർത്തനമൊന്നും നടത്തുന്നില്ലെന്നും ബെനിഡ്ക്റ്റ് പറഞ്ഞു.
തീരദേശ കർണാടകയിലാകെ സംഘപരിവാറുകാർ പ്രാർഥനാലയങ്ങൾക്കും മറ്റും നേരെ ആക്രമണം തുടരുമ്പോഴും സർക്കാർ കണ്ണടയ്ക്കുന്നത് ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
ദക്ഷിണ കന്നട ആക്രമണം: 13-ാം വാർഷികം നാളെ
ബിജെപി ഭരണത്തിലിരിക്കെ 2008 സെപ്തംബർ 14ന് രാത്രിയാണ് സംഘപരിവാറുകാർ ദക്ഷിണ കന്നടയിലെ ദേവാലയങ്ങളും സ്കൂളുകളും മറ്റും ആക്രമിച്ചത്. സമീപ ജില്ലകളിലും അക്രമംനടത്തി. ഒഡിഷയിൽ ക്രൈസ്തവരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ക്രിസ്ത്യൻ മാനേജ്മെന്റ് സ്ഥാപനങ്ങൾ അടച്ചിട്ടതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. മിലാഗ്രസിലെ മഠം ആക്രമിച്ച സംഘം കന്യാസ്ത്രീകളെ അസഭ്യം പറഞ്ഞു. മിലാഗ്രസ് പള്ളി, കുലശേഖര പള്ളി, ഇൻഫന്റ് ജീസസ് പള്ളി, മലയാളികളുടെ അൽഫോൺസ പള്ളി തുടങ്ങിയവയെല്ലാം ആക്രമണത്തിനിരയായി. ക്രിസ്തുവിന്റെ രൂപം അടിച്ചു തകർത്തു. പ്രതിഷേധിച്ച വിശ്വാസികളെ പൊലീസും അടിച്ചൊതുക്കി. ക്രൈസ്തവ പ്രാർഥനാലയങ്ങൾക്ക് നേരെ പത്ത് വർഷത്തിനിടെ ദക്ഷിണ കന്നടയിൽമാത്രം 67 ആക്രമണമുണ്ടായി.