ന്യൂഡൽഹി
അപകീർത്തിപ്പെടുത്തുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് തനിക്കെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തതെന്ന് മാധ്യമപ്രവർത്തക റാണാ അയൂബ് പ്രതികരിച്ചു. വിരട്ടൽതന്ത്രത്തിന്റെ ഭാഗമായ കെട്ടിച്ചമച്ച കേസിന് മുന്നിൽ കീഴടങ്ങില്ലെന്ന് അവർ പറഞ്ഞു. ‘ഹിന്ദു ഐടി സെൽ’ സ്ഥാപകരിൽ ഒരാൾ നൽകിയ പരാതിയിലാണ് കേസ്. ഓൺലൈൻ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം ‘കെറ്റോ’യുടെ പേരിൽ സമാഹരിച്ച തുക ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ലെന്നും സർക്കാരിന്റെ അംഗീകാരമോ സർട്ടിഫിക്കറ്റോ കൂടാതെ വിദേശ സംഭാവന സ്വീകരിക്കുന്നതായും ആരോപിച്ചിട്ടുണ്ട്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട സത്യസന്ധമായ റിപ്പോർട്ടിങ് വഴിയാണ് റാണാ അയൂബ് ശ്രദ്ധിക്കപ്പെട്ടത്. ‘ഗുജറാത്ത് ഫയൽസ്’ എന്ന പുസ്തകവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഗുജറാത്ത് വംശഹത്യയുടെ സുപ്രധാന വിവരങ്ങൾ പുറത്തുകൊണ്ടുവന്ന സാമൂഹ്യപ്രവർത്തക ടീസ്താ സെതൽവാദിന് എതിരെയും സമാന ആരോപണമുന്നയിച്ച് കേസെടുത്തിരുന്നു.