വാഷിങ്ടണ്‍
അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിനുനേരെ 2001 സെപ്തംബര്‍ 11ന് നടന്ന ആക്രമണവുമായി സൗദി സര്‍ക്കാരിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് എഫ്ബിഐ റിപ്പോര്‍ട്ട്. വിമാനം റാഞ്ചിയവർക്ക് യുഎസിലെ സൗദി സഹകാരികളുമായി ഉണ്ടായിരുന്ന ബന്ധങ്ങൾ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ടെങ്കിലും ഗൂഢാലോചനയിൽ സർക്കാർപങ്കാളിയായിരുന്നുവെന്നതിന് തെളിവില്ല.
വിമാനങ്ങള്‍ റാഞ്ചി ആക്രമണം നടത്തിയ 19 പേരില്‍ 15 പേര് സൗദിക്കാരാണെന്ന് വ്യക്തമായതിനു പിന്നാലെ സംഭവത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അല്‍ ഖായ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ സൗദി വേരുകളും ചർച്ചയായി. ആരോപണം ചൂണ്ടിക്കാട്ടി സൗദി സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ന്യൂയോര്‍ക്കില്‍ കേസ് നടക്കുന്നുണ്ട്.
രേഖകള്‍ പുറത്തുവിടാന്‍ ഇരകളുടെ ബന്ധുക്കള്‍ അമേരിക്കന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അതിന് തയ്യാറാകാതെ സെപ്തംബര്‍ 11 അനുസ്മരണ പരിപാടികളിൽ പ്രസിഡന്റ് ജോ ബൈഡന് പങ്കെടുക്കരുതെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നീതിന്യായ വകുപ്പിനോട് ബൈഡന് നിര്‍ദേശിക്കുകയായിരുന്നു.
അതിനിടെ അമേരിക്ക വിഭജനത്തിലേക്കും ആഭ്യന്തര തീവ്രവാദത്തിലേക്കും വീഴുകയാണെന്ന് മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് അഭിപ്രായപ്പെട്ടു. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഡോണൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ പ്രക്ഷോഭത്തെ പരോക്ഷമായി വിമർശിച്ചാണ് മുന്നറിയിപ്പ്.
9/11 ആക്രമണത്തിനുശേഷം ഉയർന്നുവന്ന സഹകരണ മനോഭാവത്തിലേക്ക് അമേരിക്ക മടങ്ങിവരണമെന്നും അന്ന് പ്രസിഡന്റായിരുന്ന ബുഷ് അഭ്യർഥിച്ചു.