ന്യൂഡൽഹി
ബിജെപി ഭരണത്തിൽ ഉത്തർപ്രദേശിലെ വികസനനേട്ടങ്ങളെന്ന് അവകാശപ്പെട്ടുള്ള പത്രപരസ്യത്തിൽ കൊൽക്കത്ത മേൽപ്പാലത്തിന്റെ ചിത്രം നൽകി നാണംകെട്ട് യോഗി ആദിത്യനാഥ് സർക്കാർ. ഇംഗ്ലീഷ് പത്രത്തിലെ മുഴുവൻ പേജ് കളർപരസ്യത്തിലാണ് കൊൽക്കത്തയിലെ മേൽപ്പാലവും കെട്ടിടങ്ങളും കാണിച്ചത്. കൈവീശി അഭിവാദ്യംചെയ്യുന്ന യോഗിയുടെ മുഴുനീള ചിത്രവും പരസ്യത്തിലുണ്ട്.
യോഗി ആദിത്യനാഥിന് കീഴിൽ മാറുന്ന യുപി എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്. മേൽപ്പാലത്തിന്റെ കൈവരിക്ക് നീലയും വെള്ളയും നിറമാണ്. കൊൽക്കത്തയിൽ റോഡുകൾക്കും പാലങ്ങൾക്കുമെല്ലാം വശങ്ങളിൽ ഈ നിറമാണ് നൽകുന്നത്. കൊൽക്കത്തയുടെ പ്രത്യേകതയായ മഞ്ഞനിറമുള്ള ടാക്സിയും പരസ്യത്തിലെ മേൽപ്പാലത്തിൽ കാണാം.
സെൻട്രൽ കൊൽക്കത്തയിലെ ‘മാ ഫ്ളൈഓവറാണ്’ പരസ്യത്തിലുള്ളതെന്ന് ചിലർ ചൂണ്ടിക്കാട്ടിയതോടെ സമൂഹമാധ്യമങ്ങളിൽ ആദിത്യനാഥിനെയും ബിജെപിയെയും പരിഹസിച്ച് ട്രോളുകൾ നിറഞ്ഞു. കൊൽക്കത്തയിലെ പാലവും കെട്ടിടവും എടുത്തത് പോട്ടെ ആ ടാക്സിയെങ്കിലും വെറുതെ വിടാമായിരുന്നു എന്ന് ചിലർ.
പരിഹാസവുമായി തൃണമൂൽ നേതാക്കളും രംഗത്തുവന്നു. യുപിയിൽ വികസനമുണ്ടെന്ന് കാട്ടാൻ ബംഗാളിന്റെ ചിത്രങ്ങൾ മോഷ്ടിക്കുകയാണെന്ന് അഭിഷേക് ബാനർജി പറഞ്ഞു. ബിജെപിയുടെ ‘ഇരട്ടഎൻജിൻ’ മോഡൽ അവരുടെ ഏറ്റവും വലിയ സംസ്ഥാനത്ത്തന്നെ പരാജയപ്പെട്ടെന്നും ബാനർജി പരിഹസിച്ചു.
യുപിയിലെ സമാജ്വാദി നേതാക്കളും പരസ്യത്തിനെതിരെ രംഗത്തെത്തി. കഴിഞ്ഞ അഞ്ചുവർഷം ഒരു വികസനനേട്ടവും യുപിയിൽ ചൂണ്ടിക്കാട്ടാനില്ലെന്ന് എസ്പി നേതാക്കൾ പറഞ്ഞു. അടുത്തവർഷം ആദ്യം യുപി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് ബിജെപി ‘വികസനനേട്ട’ത്തിൽ പെട്ടത്.