ദുബായ് > ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന് പൂര്ണമായും എടുത്ത താമസവിസക്കാര്ക്ക് ഞായറാഴ്ച മുതല് യുഎഇയിലേക്ക് തിരിച്ചുവരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ആറു മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച വാക്സിന് എടുത്ത എല്ലാ താമസവിസക്കാര്ക്കും പ്രവേശനാനുമതിയുണ്ട്. വാക്സിന് സ്വീകരിച്ചവര്ക്ക് ക്വാറന്റൈൻ ഇല്ല.
ഇതോടെ ഇന്ത്യയില് നിന്ന് കോവിഷീല്ഡ് വാക്സിന് സ്വീകരിച്ച സാധുവായ വിസയുള്ളവര്ക്കെല്ലാം തിരികെ വരാന് കഴിയും. ഫെഡറല് അതോറിറ്റി (ഐസിഎ)യുടെ വെബ്സൈറ്റില് വാക്സിന് സര്ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല് യാത്രാനുമതി ലഭിക്കും. യാത്രക്ക് മുമ്പ് വാക്സിന് സര്ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് 48 മണിക്കൂറിനിടെ നടത്തിയ പിസിആര് പരിശോധന സര്ട്ടിഫിക്കറ്റും ഹാജരാക്കണം. യാത്രക്ക് നാലു മണിക്കൂര് മുമ്പ് പുറപ്പെടുന്ന വിമാനത്താവളത്തില് റാപിഡ് പരിശോധനയുണ്ട്. യുഎഇയില് എത്തി നാല്, എട്ട് ദിവസങ്ങളിലും പിസിആര് പരിശോധന ഉണ്ട്. 16 വയസിന് താഴെയുള്ള കുട്ടികളെ ഈ നടപടിക്രമങ്ങളില് നിന്ന് ഒഴിവാക്കി.
ഇന്ത്യയില് കോവിഷീല്ഡ് വാക്സിന് മാത്രമാണ് ലോകാരോഗ്യ സംഘടന അംഗീകാരമുള്ളത്. കോവാക്സിന് അംഗീകാരം ലഭിച്ചിട്ടില്ല. നേരത്തെ വിവിധ വിമാന കമ്പനികള് ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. വാക്സിന് എടുക്കാതെ ഇന്ത്യയില് നിന്ന് അബുദാബിയില് എത്തുന്നവര്ക്ക് പത്ത് ദിവസം ക്വാറന്റൈൻ ഉണ്ട്.