കുവൈറ്റ് സിറ്റി > കുവൈറ്റ് മലയാളികളിലെ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്ഷിക സംസ്കാരം നിലനിര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ‘എന്റെ കൃഷി 2020 -21’ കാര്ഷിക മത്സര വിജയികൾക്കുള്ള സമ്മാനദാനം കല കുവൈറ്റ് അബുഹലീഫ കല സെന്ററിൽ നടന്നു.
കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ട്രഷർ പി ബി സുരേഷ്, വൈസ് പ്രസിഡന്റ് വി വി രംഗൻ, ജോയിന്റ് സെക്രട്ടറി അസഫ് അലി എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈബു കരുണിന് ‘കർഷകശ്രീ’ പുരസ്കാരവും, രണ്ടാം സ്ഥാനം നേടിയ ജയകുമാറിന് ‘കർഷക പ്രതിഭ’ പുരസ്കാരവും, മൂന്നാം സ്ഥാനം നേടിയ രാജൻ തോട്ടത്തിന് ‘കർഷക മിത്ര’ പുരസ്കാരവും നൽകി. അഞ്ഞൂറോളം മത്സരാർഥികളാണ് 2020 ഒക്ടോബർ മുതൽ മാർച്ച് വരെ 6 മാസം ഫ്ളാറ്റുകളിലും ബാൽക്കണികളിലും, മറ്റ് സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്.
കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിധ്യം, കാര്ഷിക ഇനങ്ങള് ഒരുക്കിയിരിക്കുന്ന രീതി, അനുവര്ത്തിക്കുന്ന കൃഷി രീതികള്, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള് സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.