കൊല്ലം: വാക്സിൻ ലഭിക്കുന്നതിനായി ജനങ്ങൾ നെട്ടോട്ടമോടുന്നതിനിടെ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ആൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ്. കൊല്ലം അഞ്ചൽ നെട്ടയം സ്വദേശി ജയനാണ് വാക്സിൻ എടുത്തതായുള്ളസന്ദേശംലഭിച്ചത്. ഇടമുളക്കൽ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ സന്ദേശം.
വാക്സിൻ സ്വീകരിക്കാനായി ജയൻ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ, ജോലിത്തിരക്കു കാരണം കുത്തിവെപ്പ് കേന്ദ്രത്തിൽ എത്താനായില്ല. വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് ആരോഗ്യവകുപ്പിൽനിന്നുള്ള സന്ദേശവും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ലഭിച്ചത്. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശം. ഒപ്പം, നവംബർ 30ന് മുൻപ് രണ്ടാം ഡോസ് സ്വീകരിക്കണമെന്ന അറിയിപ്പും.
ഇനി വാക്സിനെടുക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ജയൻ. തന്റെ പേരിൽ മറ്റാരെങ്കിലും വാക്സിൻ സ്വീകരിച്ചതാണോ ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നും ഒന്നാം ഡോസ് എടുക്കാതെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടിവരുമോ എന്നുംജയൻ സംശയിക്കുന്നു.
സാങ്കേതിക തകരാർ മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മറ്റൊരു ഫോണിൽനിന്ന് രജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കാമെന്നും അധികൃതർ പറയുന്നു.
Content Highlights:Vaccine certificate issued for a person who has not been vaccinated