വ്യോമാപകടങ്ങൾ പ്രവചനാതീതമാണ്. വിമാനം, എന്ന യാത്രാ മാധ്യമം കണ്ടുപിടിക്കപ്പെട്ട കാലം മുതൽ തുടങ്ങിയതാണ് വ്യോമാപകടങ്ങൾ. വ്യേമ സഞ്ചാരങ്ങൾ കൂടിയതോടെ അതിനാനുപാതികമായി അപകടങ്ങളും വർധിച്ചു. ഇവയിൽ പലതും യന്ത്രത്തകരാറുകൾ കൊണ്ടോ, യഥാസമയങ്ങളിൽ യാഥാവിധിയാലുള്ള അറ്റകുറ്റ പണികളുടെ അഭാവം മൂലമോ, പ്രതികൂല കാലവസ്ഥയാലോ, വിമാനം നിയന്ത്രിക്കുന്ന പൈലറ്റിന്റെ കണക്കുകൂട്ടലുകൾക്കു പിഴവുകൾ സംഭവിക്കുന്നതിനാലോ ആവാം.
എന്തുതന്നെയായാലും അസംഖ്യം മനുഷ്യജീവനുകളാണ് ഇവയിലൂടെ ഹോമിക്കപ്പട്ടുകൊണ്ടിരിക്കുന്നത്. അതേയവസരത്തിൽ ഇവയെല്ലാം തടയാനുള്ള നിരവധി പ്രയത്നങ്ങൾ അഭംഗുരം തുടർന്നു വരുന്നുമുണ്ട്. പല വ്യോമാപകടങ്ങൾക്കും വിരാമമിടാൻ സാധിക്കുമെന്നതിന്റെ പ്രത്യക്ഷോദാഹാരണമാണ് ഒരു സൈനിക എയർഫോഴ്സ് സ്റ്റേഷൻ പരിധിയിൽ അരങ്ങേറിയ ഈ സംഭവം.
ചില നിസ്സാര അറ്റകുറ്റപ്പണികൾക്ക് ശേഷം പരീക്ഷണ പറക്കലിൽ ആയിരുന്ന, അങ്ങേയറ്റം വിലപിടിപ്പുള്ളതും, ഇന്ത്യൻ പ്രതിരോധനിരയിലെ അഭിമാനവുമായ, ഒരു യുദ്ധവിമാനം, ആകാശത്തിലേക്ക് പറന്നുയർന്നു, കുറച്ചു സമയങ്ങൾക്കകം തന്നെ പൈലറ്റിന്, വിമാനം താഴെ റൺവേയിൽ ഇറക്കുവാൻ അവശ്യം വേണ്ട ലാൻഡിംഗ് ഗിയർ അഥവാ അണ്ടർ ക്യാരേജ് എന്ന സംവിധാനം പ്രവർത്തനരഹിതമായതായി കാണുവാൻ കഴിഞ്ഞു.
ഒന്നു പ്രവർത്തിക്കാതായാൽ അടുത്തത് ഉപയോഗിക്കുവാനായി സാധാരണയായി വിമാനത്തിൽ ഹൈഡ്രോളിക് ഓയിൽ സമ്മർദ്ദത്താൽ പ്രവർത്തിക്കുന്ന രണ്ട് പ്രസ്തുത സംവിധാനങ്ങൾ ഉണ്ടായിരിക്കും. പക്ഷേ ഈ സംഭവത്തിൽ രണ്ടു സംവിധാനങ്ങളും ഒരേസമയം പ്രവർത്തിക്കാതെ വരികയായിരുന്നു. തത്സമയം തന്നെ പൈലറ് ഈ വിവരം താഴെ ഭൂമിയിൽ പ്രവർത്തിക്കുന്ന എയർ ട്രാഫിക് കൺട്രോൾ ടവർ (എ.ടി.സി ) യെ അറിയിച്ചു.
ഇവിടെ അത്യാവശ്യഘട്ടങ്ങളിൽ പ്രത്യേകിച്ചും ഇതുപോലുള്ള പ്രതിസന്ധികളിൽ ഒത്തുചേരുവാനായി തങ്ങി വരാറുള്ള ഒരു കൂട്ടം വിദഗ്ധ പൈലറ്റുമാരും ഉയർന്ന പദവിയിലുള്ള എയർഫോഴ്സ് ഉദ്യോഗസ്ഥരും ബേസ് കമാൻഡറുടെ കല്പനപ്രകാരം അവിടേക്ക് ഓടിക്കൂടുകയും ഉടൻതന്നെ ഈ വിധത്തിലുള്ള നിർണായക അവസരങ്ങൾ മറികടക്കാനുള്ള വിവരങ്ങളും സാങ്കേതിക ഉപദേശങ്ങൾ നൽകുന്നതുമായ എയർ ക്രു മാന്വലും, ലാൻഡിങ് ഗിയർ സർവീസിങ് മാന്വലും പൈലറ്റ് തന്റെ കൈവശം കൊണ്ടുനടക്കാനുള്ള ആധികാരിക വിവരങ്ങൾ നൽകുന്ന രേഖാ ചുരുളുകളും അതിശീഖ്രം ഒന്നിന് പിറകെ ഒന്നായി മറിച്ചുനോക്കി ആവശ്യമായ വിവിധ നിർദ്ദേശങ്ങൾ റേഡിയോ ടെലിഫോൺ (ആർ. ട്ടി) മുഖാന്തരം പൈലറ്റിന് കൈമാറിക്കൊണ്ടിരുന്നു.
പക്ഷേ വിധി വൈപരീത്യം എന്ന് പറയട്ടെ, ഇവയൊന്നും തന്നെ ഫലവത്തായില്ല. ഈ സമയമത്രയും ഈ എയർഫോഴ്സ് സ്റ്റേഷൻ ബേസ് വിമാനത്താവളം മറ്റൊരു വിമാനത്തിനും ഗതാഗത അനുവാദം നൽകാതെ പൂർണമായും അടച്ചു. ഈ പ്രതിസന്ധി ഉയർന്ന പദവിയിലുള്ള മേലധികാരികളെ അറിയിക്കുവാൻ,ബേസ് കമാൻഡർ നിർബന്ധിതനായി. ഇന്റർനാഷണൽ സബ്സ്ക്രൈബ് ഡയലോഗിലൂടെ ഈ വിമാന നിർമാതാക്കളായ ബ്രിട്ടീഷ് എയറോ സ്പേസ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ടു ഇവരും തങ്ങളുടെ നിസ്സഹായാവസ്ഥ അറിയിക്കുകയാണ് ഉണ്ടായത്.
അങ്ങനെ പിടിവള്ളികൾ ഓരോന്നായി കൈവിട്ടു പോയി കൊണ്ടിരുന്ന അവസരത്തിൽ വിമാനം ഉപേക്ഷിച്ച് ഇജെക്‍ട് സംവിധാനത്തിലൂടെ രക്ഷപ്പെടാനുള്ള മാർഗ്ഗം ഉപയോഗിക്കുവാനുള്ള കൽപന പൈലറ്റിനു നൽകുവാൻ ബേസ് കമാൻഡർ നിർബന്ധിതനായി. ഈ കൽപന ആർ.ട്ടി മുഖാന്തരം നൽകേണ്ട താമസം, ഇദ്ദേഹത്തിന് മറ്റൊരു വിമാന ദൗത്യവുമായി പരിസര പ്രദേശത്തെവിടെയോ ഉണ്ടായിരുന്ന ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡ് ( എച്ച്.എ.എൽ ), ബംഗളൂരുവിലെ മാനേജറെ കുറിച്ചുള്ള ഓർമ്മ ഒരു മിന്നൽപിണർ പോലെ മനസ്സിലൂടെ കടന്നുപോയി.
ഇദ്ദേഹം പിന്നെയാതൊന്നും ആലോചിച്ചില്ല, ഉടൻതന്നെ ഈ മാനേജരെ തന്റെ മുൻപിൽ എ.ടി.സി യിൽ ഹാജരാകുവാൻ ഉത്തരവിട്ടു, ഈ പ്രവർത്തികളെല്ലാം തന്നെ നിമിഷാർധ നേരം കൊണ്ടാണ് നടന്നു വന്നത്. എ.ടി.സി യിൽ, ഉടൻ കൊണ്ടുവരപ്പെട്ട മാനേജർ കണ്ടത് പരിഭ്രാന്തരായി ഗത്യന്തരമില്ലാതെ ഓടിനടക്കുന്ന ഒരുകൂട്ടം വിദഗ്ധരെയാണ്.
തന്റെ അതീവ ബുദ്ധിനിപുണതയും മനസ്സാന്നിധ്യവും കൊണ്ട് കാര്യങ്ങൾ ഉടൻ തന്നെ മനസ്സിലാക്കി, തന്റെ വിദഗ്ധ ഉപദേശം നൽകുവാൻ ആരംഭിച്ചു. ഈ സമയം വിമാനത്തിൽ കേവലം 3 മിനിറ്റുകൾ മാത്രം പറക്കുവാനായുള്ള ഇന്ധനമാണ് അവശേഷിച്ചിരുന്നത്. അതായത് ഈ വിലയേറിയ മിനുറ്റുകൾ കഴിഞ്ഞാൽ ആ വിമാനം കത്തിച്ചാമ്പലായി തീരും എന്നത് തീർച്ച .
എച്ച്.എ. എൽ മാനേജർ വിമാനത്തിന്റെ ബസ് ബാറും ബാറ്ററികളും ഒരേസമയം വെറും നാല് സെക്കൻഡ് നേരത്തേക്ക് സ്വിച്ച് ഓഫ് ചെയ്‌യാൻ ബേസ് കമാൻഡർ മുഖേന (ആർ.ട്ടി) യിലൂടെ പൈലറ്റിന് നിർദേശം നൽകി. ഇതിനിടയിൽ പൈലറ്റ്, മുമ്പു ലഭിച്ച നിർദ്ദേശപ്രകാരം ഇജെക്‍ട് ചെയ്‌യുവാനായി ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തിലാണ് ബേസ് കമാൻഡറുടെ മാനേജറിൽ നിന്നുള്ള നിർദ്ദേശം കൽപന രൂപത്തിൽ അറിയിക്കുന്നത്.
അങ്ങനെ പൈലറ്റ് ആദ്യം ലഭിച്ച കല്പന ഉപേക്ഷിച്ച് ഈ നിർദ്ദേശം അനുസരിക്കുവാനൊരുങ്ങി. ഇതിനാൽ അതുവരെ അടഞ്ഞു കിടന്നിരുന്ന വാൾവ് തുറക്കുവാനും അങ്ങിനെ ലാൻഡിംഗ് ഗിയർ പൈലറ്റിന് അനായാസേന താഴ്ത്തുവാനും വിമാനം അപകടത്തിൽപ്പെടാതെ സുരക്ഷിതമായി താഴെ റൺവേയിൽ ഇറക്കുവാനും കഴിഞ്ഞു. ഈ ദൗത്യത്തിലൂടെ ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധനിരയിലെ മുൻപന്തിയിലായിരുന്ന യുദ്ധവിമാനത്തെയാണ് എച്ച്.എ. എൽ മാനേജർക്ക് രക്ഷിക്കാൻ സാധിച്ചത്, അതും കേവലം 3 മിനിറ്റുകൾക്കുള്ളിൽ.
ഈ വിമാന രക്ഷപ്പെടുത്തൽ ദൗത്യത്തെക്കുറിച്ച് അത്യധികം പ്രാധാന്യത്തോടെ കൂടി ഇന്ത്യൻ ഏവിയേഷൻ മാഗസിനും , ഭാരത് രക്ഷക് വെബ്സൈറ്റിലും വാർത്ത വരികയുണ്ടായി. ഈ അവസരത്തിൽ അസാമാന്യ ബുദ്ധിസാമർത്ഥ്യത്തോടും മനസ്സാന്നിധ്യത്തോടും ദൗത്യം നിർവഹിച്ച മുൻ പ്രസ്താവിച്ച മാനേജറെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി.
വായനക്കാർക്ക് സന്ദർഭത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ച, മാനേജർ ആരാണെന്നറിയുവാനുള്ള ജിജ്ഞാസ കാണും. മറ്റാരുമല്ലത് മലയാളിയും കോഴിക്കോട് സ്വദേശിയുമായ മായം പുറത്ത് ജയമോഹൻ കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നികിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ നേടി എച്ച്.എ.എൽ ബംഗളൂരുവിൽ ജൂനിയർ ഇൻസ്പെക്‍ടർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച മായംപുറത്ത് ജയമോഹൻ എന്ന വ്യക്തിയാണ്. തന്റെ കഠിനപ്രയത്നത്തിലൂടെയും ജോലിയോടുള്ള ആത്മാർത്ഥതയിലൂടെയുമാണ് ആണ് ഇദ്ദേഹം മാനേജർ പദവിയിലേക്കുയർന്നു വന്നത്.
ആകസ്മികമായി ഇദ്ദേഹത്തെ ഈയിടെ, ബംഗളൂരുവിൽ വെച്ച് സന്ധിക്കാനിടയായതിലൂടെയാണ് ഈ കാര്യങ്ങളെല്ലാം അറിയുവാനിടയായത്. തന്റെ റിട്ടയർമെന്റ് ജീവിതത്തിലും, ഇദ്ദേഹം ബംഗളൂരുവിലെ, നാഷണൽ എയറോസ്പേസ് ലബോറട്ടറിയിൽ, എക്സ് കൺസൾട്ടന്റായി സേവനമനുഷ്ടിച്ചു വരുകയാണ്.
ലേഖകൻ: ജയൻ മാവീട്ടിൽ (റിട്ട. ഹെഡ്മാസ്റ്റർ ), ജെ.എസ്.വില്ല , ഗിരീഷ് നഗർ , മീഞ്ചന്ത , നല്ലളം പി.ഒ , കോഴിക്കോട്, 673027