ഇന്ത്യൻ സോഷ്യൽ മീഡിയാ രംഗത്തേക്ക് മലയാളികളുടെ സംഭാവനകൂടി. മൈക്രോ വീഡിയോകൾ പങ്കുവെക്കുവാൻ സാധിക്കുന്ന നൂ-ഗാ എന്ന സോഷ്യൽ മീഡിയാ സേവനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കൊച്ചി സ്വദേശികളായ സഞ്ജയ് വേലായുധനും മകൾ നക്ഷത്രയും.
പ്രസക്തിയുള്ള ഏത് വിഷയവും രണ്ട് മിനിറ്റ് കവിയാത്ത വീഡിയോ ദൃശ്യമായി അവതരിപ്പിക്കാൻ സാധിക്കും വിധത്തിലാണ് നൂ-ഗാ ഒരുക്കിയിരിക്കുന്നത്. ബെംഗളുരു നിവാസികളായ അച്ഛന്റേയും മകളുടേയും ദീർഘനാളത്തെ പരിശ്രമഫലമാണ് നൂ-ഗാ. നിഫ്റ്റിയിലെ വിദ്യാർഥിനിയാണ് നക്ഷത്ര.
ഉപയോക്താക്കൾക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു മാധ്യമം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂ-ഗാ! ഇപ്പോൾ പ്രാരംഭ ഘട്ടത്തിലായതിനാൽ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്. നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധൻ പറഞ്ഞു.
പുതു തലമുറയക്ക് ശബ്ദിക്കാനൊരിടം കൊടുക്കുകയാണ് നൂ-ഗാ! നവീനമായ ആശയങ്ങളിലൂടെ മാത്രമേ പുരോഗതിയിലേക്കെത്തുകയുള്ളു, അതിനാൽ ഏതു സാഹചര്യത്തിലും മുന്നോട്ട് പോവുകയെന്നതാണ് പ്രധാനമെന്ന് നൂ-ഗായുടെ മറ്റൊരു അമരക്കാരിയായ നക്ഷത്ര വിശ്വസിക്കുന്നത്.
ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിൽ നിന്നോ നൂ-ഗാ!, ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്‌യാവുന്നതാണ്. വ്യക്തി വിവരങ്ങൾ നൽകിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താൽ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. മറ്റുള്ളവർ പങ്ക് വെയ്‍ക്കുന്ന വീഡിയോകൾക്ക് വീഡിയോ രൂപത്തിൽ തന്നെ കമന്റുകൾ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ വ്യത്യസ്തതയാണ്. ഇതിലൂടെ വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങൾക്കും വലിയ രീതിയിൽ തടയിടാൻ കഴിയുമെന്നാണ് നൂ-ഗായുടെ പിന്നണിയിലുള്ളവർ വിശ്വസിക്കുന്നത്.
Content Highlights: noo gah micro video sharing platform developed by malayali father and daughter