ന്യൂഡൽഹി
പശുക്കടത്ത് ആരോപിച്ച് ക്ഷീരകർഷകൻ പെഹ്ലുഖാനെ കൊന്ന കേസില് പ്രതികൾക്ക് വാറന്റ് പുറപ്പെടുവിച്ച് രാജസ്ഥാൻ ഹൈക്കോടതി. 2019 ആഗസ്തിൽ വിചാരണക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ച ആറ് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം കിട്ടാവുന്ന വാറന്റ് പുറപ്പെടുവിച്ചത്. പെഹ്ലുഖാന്റെ മക്കൾ ഇർഷാദും ആരിഫും നൽകിയ ഹർജിയിലാണ് ഇടപെടൽ.
ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട് എത്തിയ പ്രതികളുടെ ആക്രമണത്താലുണ്ടായ ഗുരുതരപരിക്കാണ് മരണകാരണമെന്ന് ഹർജിയിൽ പറയുന്നു. ഇവരുടെ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിചാരണക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിക്കൊപ്പം മക്കളുടെ ഹർജിയും പരിഗണിക്കും. 2017 ഏപ്രിൽ ഒന്നിനാണ് പ്രതികള് പെഹ്ലുഖാനെയും മക്കളെയും മർദിച്ചത്. പെഹ്ലുഖാൻ ആശുപത്രിയിൽ മരിച്ചു.