പാരിസ്
ഫ്രഞ്ച് നവതരംഗ സിനിമയുടെ മുഖമായി മാറിയ വിഖ്യാതതാരം ഴാങ് പോള് ബെല്മുന്തോ (88) വിടവാങ്ങി. അറുപതുകളില് വെള്ളിത്തിരയിലെ ആണ്കഥാപാത്രങ്ങളുടെ വാര്പ്പുമാതൃകകളെ പൊളിച്ചെഴുതിയ താരം, അരനൂറ്റാണ്ട് പിന്നിട്ട കരിയറില് ലോകോത്തര സംവിധായകര്ക്കൊപ്പം മാത്രമല്ല തട്ടുപൊളിപ്പന് ത്രില്ലറുകളിലും കോമഡികളിലും നിറഞ്ഞു.
ഴാങ് ലൂക് ഗൊദാര്ദിന്റെ ബ്രത് ലസി(1960)ലെ കുറ്റവാളിയായ നായകന്റെ കഥപാത്രം ബെല്മുന്തോയെ ലോകസിനിമയിലെ സുപരിചതമുഖമാക്കി. നിഷേധ യൗവനത്തിന്റെ പ്രസരിപ്പ് നിറഞ്ഞ കഥാപാത്രങ്ങളായി അറുപതുകളിലും എഴുപതുകളിലും സൂപ്പര്ഹിറ്റുകള് സൃഷ്ടിച്ചു. മുഖ്യധാരാസിനിമയുടെ ഭാഗമായപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങള് തേടിയെത്തി. ചെറുപ്പത്തിലേ ഗുസ്തി അഭ്യസിച്ചിരുന്നതിനാല് സാഹസികമായ ആക്ഷന് രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചു. ത്രില്ലര് ചിത്രങ്ങളില് പരുക്കന് പൊലീസ് വേഷം ആവര്ത്തിച്ചു.
അമേരിക്കന് സിനിമയുടെയും ഹോളിവുഡിന്റെയും ഭാഗമാകാന്‍ അവസാനകാലംവരെ വിസമ്മതിച്ചു. അമേരിക്കന് സിനിമ മര്ലന് ബ്രാന്ഡോയ്ക്ക് നല്കുന്നതിനു സമാനമായ പദവിയിലാണ് ഫ്രഞ്ച് സിനിമ ബെല്മുന്തോയെ പ്രതിഷ്ഠിച്ചത്. ഫ്രഞ്ച് ഓസ്കര് എന്നറിയപ്പെടുന്ന സെസാര് 1989ല് നേടി. കാന്, വെനീസ് മേളകളില് ആദരിക്കപ്പെട്ടു.