ന്യൂഡൽഹി
വാക്സിൻ കുത്തിവയ്പിൽ ഇന്ത്യ ഏറെ പിന്നിലെന്ന് ആഗോള സാമ്പത്തികശേഷി നിർണയ ഏജൻസിയായ ഫിച്ച് റേറ്റിങ്സ് വിലയിരുത്തി. കുത്തിവയ്പിലെ മന്ദഗതിയും ജിഡിപി–- കടബാധ്യതാ അനുപാതത്തിലെ വർധനയും പരിഗണിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നെഗറ്റീവ് സാധ്യതയോടെയുള്ള ‘ബിബിബി’ റേറ്റിങ്ങാണ് ഫിച്ച് നൽകുന്നത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഭദ്രമെന്നാണ് ജൂണില് ഫിച്ച് വിലയിരുത്തിയത്.
ഇന്ത്യ കുത്തിവയ്പിൽ ഏറെ പിന്നിലാണ്. ജിഡിപിയുമായി തട്ടിക്കുമ്പോൾ കടബാധ്യത വർധിക്കുന്നു. സമ്പദ്വ്യവസ്ഥയുടെ ഭാവി ഏത് ദിശയിലെന്ന കാര്യത്തിൽ അനിശ്ചിതത്വമാണ്–- ഫിച്ച് റേറ്റിങ്ങിന്റെ കിഴക്കൻ ഏഷ്യൻ ചുമതലയുള്ള സീനിയർ ഡയറക്ടർ സ്റ്റീഫൻ ഷ്വാർട്സ് പറഞ്ഞു.
ഇന്ത്യയിൽ ആകെ കുത്തിവയ്പ് 70 കോടി ഡോസായി. രണ്ടു ഡോസും എടുത്തത് 16.43 കോടിമാത്രം. മൊത്തം ജനസംഖ്യയുടെ 12 ശതമാനമാണ് ഇത്. 18 വയസ്സ് കഴിഞ്ഞവരിൽ 18 ശതമാനം. ആഗോളതലത്തിൽ ആകെ ജനസംഖ്യയുടെ 28.4 ശതമാനം രണ്ടു ഡോസും എടുത്തിട്ടുണ്ട്. 24 മണിക്കൂറിൽ 31,222 രോഗി, 290 മരണം.