കൊച്ചി
സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകളിൽ ചെയർമാന്റെയും മെമ്പർമാരുടെയും നിയമന സമിതികളിൽ ചീഫ് സെക്രട്ടറിയെയും പിഎസ്സി ചെയർമാനെയും ഉൾപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. 10 ദിവസത്തിനകം വിശദീകരണം നൽകണം.ട്രിബ്യൂണൽ റിഫോംസ് ആക്റ്റിലെ വകുപ്പ് 3 (3) പ്രകാരമാണ് ചീഫ് സെക്രട്ടറിയെയും പിഎസ്സി ചെയർമാനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മാങ്ങാനം സ്വദേശി അഡ്വ. ടി ടി ബിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുകളിലെ കക്ഷികൾതന്നെ ചെയർമാന്റെയും മെമ്പർമാരുടെയും നിയമനങ്ങളിൽ തീരുമാനമെടുക്കുന്നത് ട്രിബ്യൂണലുകളുടെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.
ട്രിബ്യൂണൽ റിഫോംസ് ആക്റ്റിലെ മറ്റു ചില വകുപ്പുകൾ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നിലവിലുണ്ടെന്നും എസ്എടികളിലെ നിയമനം തർക്കവിഷയമല്ലെന്നും വകുപ്പ് 3 (3) ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. തുടർന്നാണ് കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടിയത്.