കർണാൽ
പൊലീസ് മര്ദനത്തില് കര്ഷകന് കൊല്ലപ്പെട്ട ഹരിയാനയിലെ കർണാലിൽ നിരോധനാജ്ഞ വകവയ്ക്കാതെ മിനി സെക്രട്ടറിയറ്റ് (കലക്ടറേറ്റ്) വളഞ്ഞ് കര്ഷകർ. കർണാൽ ഭക്ഷ്യധാന്യ കമ്പോളത്തിൽ മഹാപഞ്ചായത്ത് ചേർന്നശേഷം മൂന്നര കിലോമീറ്റർ മാർച്ച് ചെയ്താണ് കർഷകർ മിനി സെക്രട്ടറിയറ്റ് വളഞ്ഞത്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുംവരെ സമാധാനപരമായി ഉപരോധം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. മഹാപഞ്ചായത്തിൽ രണ്ടു ലക്ഷത്തോളംപേർ പങ്കെടുത്തെന്ന് നേതാക്കൾ പറഞ്ഞു.
മാർച്ചിനു നേതൃത്വം നൽകിയ പി കൃഷ്ണപ്രസാദ്, രാകേഷ് ടിക്കായത്, യോഗേന്ദ്ര യാദവ്, ഗുർണാംസിങ് ചടൂണി, ഇന്ദർജിത് സിങ്, ബി വെങ്കട്ട് എന്നിവരെ പൊലീസ് തുടക്കത്തിൽ കസ്റ്റഡിയിൽ എടുത്തു. കർഷകരോഷം ഇരമ്പിയതോടെ വിട്ടയച്ചു. കർണാലിൽ 144–-ാം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചും അഞ്ചു ജില്ലയിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ തടഞ്ഞും 50 കമ്പനി പൊലീസിനെ നിയോഗിച്ചും പ്രക്ഷോഭം തടയാൻ ബിജെപി സർക്കാർ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. മിനി സെക്രട്ടറിയറ്റിന് മുന്നില് കര്ഷകര് എത്തുന്നത് തടയാന് ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ 28നു കര്ണാലില് ലാത്തിച്ചാർജിൽ കര്ഷകൻ സുശീൽ കാജല് കൊല്ലപ്പെടാന് ഉത്തരവാദിയായ എസ്ഡിഎം ആയുഷ് സിൻഹയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തുക, നഷ്ടപരിഹാരം നൽകുക, പരിക്കേറ്റ കർഷകർക്ക് ധനസഹായം നൽകുക എന്നീ ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. കർഷകരുടെ തല അടിച്ചുപൊട്ടിക്കാൻ പരസ്യമായി നിർദേശിച്ച ഉദ്യോഗസ്ഥനെ ബിജെപി സർക്കാർ സംരക്ഷിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിനു നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്.